autism

കോട്ടയം: സ്‌കൂളുകൾ തുറക്കാതായതോടെ ഓട്ടിസം അടക്കമുള്ളവ ബാധിച്ച പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. അദ്ധ്യാപകരിൽ നിന്ന് നേരിട്ട് പരിഗണന ലഭിക്കാതെ വന്നതോടെ പല കുട്ടികളിലും ഇതുവരെ നേടിയെടുത്ത കഴിവുകൾ നഷ്‌ടപ്പെടുന്നതായും ആശങ്ക. ഈ സാഹചര്യത്തിൽ മാതാപിതാക്കളും കുടുംബാംഗങ്ങളും കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് അദ്ധ്യാപകർ പറയുന്നു.

നേരത്തെ ഓട്ടിസം അടക്കമുള്ള പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കായി സ്‌കൂളുകൾ പ്രവർത്തിച്ചിരുന്നു. ഈ സ്‌കൂളുകളിൽ നേരിട്ടെത്തുന്നതും അദ്ധ്യാപകരിൽ നിന്ന് നേരിട്ട് പരിശീലനം ലഭിക്കുന്നതും കുട്ടികളുടെ ബുദ്ധി വികാസത്തിനു ഗുണം ചെയ്‌‌തിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം മാർച്ചിലാണ് ഇത്തരം സ്‌കൂളുകൾ അടച്ചത്. ഇതിനു ശേഷം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും കുട്ടികളുമായി നേരിട്ട് ഇടപെടാൻ അദ്ധ്യാപകർക്ക് സാധിക്കുന്നില്ല. മറ്റു വിദ്യാർത്ഥികളെപ്പോലെ ഓൺലൈനിലൂടെയുള്ള പഠനം മാത്രം പോര ഇത്തരം കുട്ടികൾക്ക്.

സ്‌കൂളുകൾ അടച്ചപ്പോൾ മാതാപിതാക്കൾക്ക് ഇവരെ കൂടുതലായി ശ്രദ്ധിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി. പല കമ്പനികളും വർക്കം ഫ്രം ഹോമുകൾ നടപ്പിലാക്കിയപ്പോൾ ഓട്ടിസം ബാധിച്ച കുട്ടികളുടെ ജോലിയുള്ള മാതാപിതാക്കൾ കൂടുതൽ ബുദ്ധിമുട്ടിലായി.

പരിശീലനങ്ങളെല്ലാം ഇല്ലാതായി

വീടിനുള്ളിൽ തന്നെ തുടരാനുള്ള നിയന്ത്രണങ്ങൾ ഓട്ടിസ്റ്റിക് ആയ കുഞ്ഞുങ്ങൾക്ക് പെരുമാറ്റ പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുന്നു. ചില കുഞ്ഞുങ്ങളിൽ അക്രമാസക്തമായ പെരുമാറ്റങ്ങൾ, അമിതമായ ദേഷ്യം, സ്വയം ദോഷകരമായ പെരുമാറ്റം, ഉറക്കത്തിലെ അസ്വസ്ഥത, മൊബൈൽ ഫോണിന്റെയും ടി.വിയുടെയും അധിക ഉപയോഗം, പുറത്തുപോകണമെന്ന ശാഠ്യം എന്നിവ ഉണ്ടാകാം.

പരിഹാരം

ഓട്ടിസ്റ്റിക് ആയ കുഞ്ഞുങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെപ്പറ്റി ഡോക്ടറോട് ചോദിച്ച് മനസിലാക്കണം.
കുഞ്ഞുങ്ങളെ നോക്കേണ്ട ജോലി കുടുംബത്തിലെ എല്ലാ ആളുകളും ഏറ്റെടുക്കണം.
വീട്ടിലെ ജോലികൾ ചെയ്യാൻ കുട്ടികളെയും ഒപ്പം കൂട്ടണം. കുട്ടികൾക്ക് നൽകുന്ന വസ്തുക്കൾ അണുവിമുക്തമാക്കണം.
 വീടിനുള്ളിൽ വച്ച് കളിയ്ക്കാൻ പറ്റിയ ഗെയിമുകൾ കണ്ടെത്തണം. അവരുടെ നല്ല പ്രവൃത്തികൾ പ്രശംസിക്കണം.