കോട്ടയം: പുതിയ അദ്ധ്യയന വർഷത്തിലേയ്ക്ക് കാലെടുത്തു വയ്ക്കാനൊരുങ്ങുമ്പോഴും ഓൺലൈൻ ക്ളാസിനുള്ള അടിസ്ഥാന സൗകര്യമില്ലാതെ ജില്ലയിൽ നിരവധി പേർ. ടി.വിയോ മൊബൈൽ ഫോണോയില്ലാതെ വിഷമിക്കുന്നവർക്ക് താങ്ങാകാൻ കഴിഞ്ഞ തവണത്തെ പോലെ നല്ല മനസുകളുടെ സഹായവും തേടുന്നുണ്ട്.
കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ഒന്നാംതരം മുതൽ പത്തുവരെയുള്ള വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. മുൻപ് പൊതുയിടങ്ങളിൽ ടി.വിയും മറ്റും സംഘടിപ്പിച്ച് കുട്ടികളെ ഇരുത്തിയാണ് തുടക്കത്തിൽ പ്രശ്നം പരിഹരിച്ചത്. അന്ന് 200 വായനശാലകൾ, 34 അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി പഠനസൗകര്യം ഒരുക്കി. എന്നാൽ ഇക്കുറി വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകൾക്ക് പുറമെ ഈ അദ്ധ്യയന വർഷം അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും സംവദിക്കാൻ അവസരമൊരുക്കി ഓൺലൈൻ ക്ലാസുകളുമുണ്ടാകും. അദ്ധ്യാപകർ സ്‌കൂളുകളിലെ സ്മാർട്ട് ക്ലാസ് റൂമുകളിൽ നിന്നായിരിക്കും ഓൺലൈൻ ക്ലാസുകളെടുക്കുക. ഈ സാഹചര്യത്തിൽ ലാപ് ടോപ്പോ, മൊബൈൽ ഫോണോയില്ലാതെ പഠിക്കാനാവില്ല.
സ്പോൺസർ ഷിപ്പ് കാമ്പയിൻ
കഴിഞ്ഞ തവണ വിജയിച്ച സ്പോൺസർഷിപ്പ് ക്യാമ്പയിൻ സജീവമാക്കാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തീരുമാനം. ഇതിനായി എം.പി, എം.എൽ.എമാർ, സഹകരണ ബാങ്കുകൾ, ക്ളബുകൾ എന്നിവയുടെ സഹായം തേടും. കഴിഞ്ഞ തവണ ഒന്നു മുതൽ പത്തുവരെ 4500 പേർക്കാണ് ഇങ്ങനെ പഠന സൗകര്യമൊരുക്കിയത്. ഇക്കുറി പഠന സൗകര്യമില്ലാത്തവരുടെ ലിസ്റ്റ് എടുക്കുകയാണ്.
2.65 ലക്ഷം വിദ്യാർത്ഥികൾ
ജില്ലയിൽ ഒന്നുമുതൽ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ വരെ 2.65 ലക്ഷം വിദ്യാർത്ഥികളുണ്ട്. ഇക്കുറി പഠന സൗകര്യമില്ലാത്ത രണ്ടായിരത്തിലേറെ വിദ്യാർത്ഥികളുടെ പട്ടിക ലഭിച്ചിട്ടുണ്ട്. അഡ്മിഷൻ തീരുന്ന മുറയ്ക്ക് മുഴുവൻ വിദ്യാർത്ഥികൾക്കും സകര്യമൊരുക്കുകയാണ് ലക്ഷ്യം.
'' വൈദ്യുതിയില്ലാത്തവർ, ടി.വി, മൊബൈൽ ഫോണുകളില്ലാത്തവർ ഇങ്ങനെയുള്ള പട്ടികയാണ് ശേഖരിക്കുന്നത്. ലോക്ക് ഡൗൺ ദുരിതത്തിനിടയിലും സ്പോൺസർ ഷിപ്പിലൂടെ ഇവയെല്ലാം കണ്ടെത്താമെന്ന് പ്രതീക്ഷ''