വെച്ചൂർ : വെച്ചൂർ പഞ്ചായത്ത് ആറാം വാർഡിലെ ഈരയിൽ പാലത്തിനു സമീപത്തെ അരികുപുറം, വലിയ വെളിച്ചം പാടശേഖരങ്ങളിൽ പമ്പിംഗ് നടത്താതിരുന്നതിനെ തുടർന്ന് പാടശേഖരത്തോട് ചേർന്ന സ്ഥലത്തെ വീടുകൾ വെള്ളത്തിലായി. ഇരുപാടശേഖരങ്ങളുടേയും സമീപത്തുള്ള നിരവധി വീടുകളിലെ ജനജീവിതം ഇതോടെ ദുരിതപൂർണമായി. ഈ ഭാഗത്തെ വീടുകളുടെ കക്കൂസുകൾ ഉപയോഗശൂന്യമായി. മാലിന്യങ്ങൾ വീടുകളിലേക്ക് ഒഴുകിയെത്തുന്നത് സാംക്രമിക രോഗ ഭീഷണി ഉയർത്തുന്നുണ്ട്. വെള്ളത്തിൽ മുങ്ങിയ പ്രദേശങ്ങൾ വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. മോട്ടോറുകൾ സ്ഥാപിച്ചു ഉടൻ വെള്ളം വറ്റിച്ചു പ്രദേശവാസികളുടെ ദുരിതത്തിനറുതി വരുത്താൻ പാടശേഖര സമിതികളും കൃഷി ഉദ്യോഗസ്ഥരും ചേർന്ന് നടപടി ത്വരിതപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കൃഷി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ.മണിലാൽ, സോജി ജോർജ്, എസ്.ബീന, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.