കടുത്തുരുത്തി : കുറുപ്പന്തറ ജംഗ്ഷൻ വികസനത്തിനും, പുളിന്തറ വളവ് നിവർത്തുന്നതിനും സ്ഥലം എറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ റവന്യു മന്ത്രി കെ. രാജൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർക്ക് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. പുളിന്തറ വളവിൽ ഉൾപ്പെടെ നിരന്തരമായി അപകടങ്ങൾ സംഭവിച്ചിട്ടും വളവ് നിവർത്താൻ നിശ്ചയിച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാതെ സർക്കാർ വരുത്തിയിട്ടുള്ള കാലതാമസം മനുഷ്യജീവൻ പന്താടുന്ന നിലയിലേക്കാണ് മാറിയിരിക്കുന്നതെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. ഏറ്റുമാനൂർ- എറണാകുളം റോഡിൽ പട്ടിത്താനം മുതൽ തലയോലപ്പറമ്പ് വരെ കടുത്തുരുത്തി മണ്ഡലത്തിൽ ഉൾപ്പെടുന്ന വിവിധ അപകട വളവുകൾ നിവർത്തുന്നതിനുള്ള പദ്ധതിക്ക് ആദ്യമായി രൂപം നൽകിയത് മോൻസ് ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിലാണ്. 50 ലക്ഷം രൂപ വകുപ്പ് തലത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുകയും റവന്യു - പൊതുമരാമത്ത് വിഭാഗങ്ങൾ സംയുക്തമായി പരിശോധിച്ച് അതിർത്തി കല്ലുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബന്ധപ്പെട്ട വസ്തു ഉടമകളെ വിളിച്ചു ചേർത്ത് ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ കാണക്കാരി, കോതനല്ലൂർ, മാഞ്ഞൂർ, മുട്ടുചിറ, കടുത്തുരുത്തി വില്ലേജുകളിൽ ഉൾപ്പെട്ട 1.9652 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിരുന്നു. പിന്നീട് പദ്ധതി നീണ്ടുപോകുകയായിരുന്നു.
ഇനി വേണ്ടത്
സ്ഥലം വിട്ട് തരുന്ന വ്യക്തികൾക്ക് തുക കൈമാറാൻ കഴിയുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുകയും, അതിർത്തി നിർണയിച്ച ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്യുന്നകയാണ് ഇനി വേണ്ടത്.
അപകടങ്ങൾ തുടർക്കഥ
പുളിന്തറ വളവിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. ഒരാഴ്ചയ്ക്കിടെ നിരവധി അപകടങ്ങളാണ് നടന്നത്. പട്ടിത്താനത്തിനും, തലയോലപ്പറമ്പിനും ഇടയിലുള്ള വിവിധ അപകട വളവുകളിലും സമാനസ്ഥിതിയാണ്. ഗുരുതരമായ സ്ഥിതിവിശേഷം കണക്കിലെടുത്ത് അടിയന്തിര പരിഹാര നടപടികൾക്ക് മന്ത്രിമാർ രണ്ട് വകുപ്പുകൾക്കും നിർദ്ദേശം കൊടുക്കണമെന്ന് മോൻസ് ജോസഫ് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ച് കാര്യങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ തലത്തിൽ ഇനിയും കാലതാമസം നേരിട്ടാൽ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കാനാണ് പൗരാവലിയുടെ തീരുമാനം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുള്ള നിവേദനത്തിന്റെ പകർപ്പ് ജില്ലാ കളക്ടർക്കും സമർപ്പിച്ചിട്ടുണ്ട്.
മോൻസ് ജോസഫ് എം.എൽ.എ