കട്ടപ്പന: നൂനമർദത്തെ തുടർന്നുണ്ടായ കൊടുങ്കാറ്റും മഴയും പച്ചക്കറി കർഷകർക്ക് സമ്മാനിച്ചത് ദുരിതവും സാമ്പത്തിക നഷ്ടവുമാണ്. ജില്ലയിലെ ഏക്കറുകണക്കിന് സ്ഥലത്തെ പച്ചക്കറിക്കൃഷി നാമാവശേഷമായി. വിളവെടുപ്പിന് പാകമായവയാണ് നശിച്ചവയിൽ ഏറെയും. ലോക്ക്ഡൗണിന് ശേഷം വിളവെടുക്കാനായി നിർത്തിയിരുന്ന വിളകളെല്ലാം വേര് അഴുകി നശിച്ചു. തുടർച്ചയായി മഴ പെയ്യുന്നതിനാൽ പച്ചക്കറികൾക്ക് ഇല പഴുക്കലും അഴുകൽ രോഗവും വ്യാപകമായി. ഇടുക്കിയിലെ പച്ചക്കറി തോട്ടങ്ങളിലെല്ലാം സമാന സ്ഥിതിയാണ്. പ്രതീക്ഷയോടെ വിളവിറക്കിയ കർഷകർക്ക് മുടക്ക്മുതൽ പോലും തിരികെ കിട്ടാത്ത സ്ഥിതിയായി.
10 ചെറുകിട കർഷകരുടെ കൂട്ടായ്മയായ ഗ്രീൻവാലി ജൈവ കർഷക സമിതി വിളവിറക്കിയ അരയേക്കർ സ്ഥലത്തെ പയർക്കൃഷി പൂർണമായി നശിച്ചു. ശക്തമായ കാറ്റിൽ ചെടികളുടെ വേര് പിഴുതുമാറിയതോടെ പന്തൽ അടക്കം നിലംപൊത്തി. 5 മാസം മുമ്പാണ് 80,000 രൂപ മുടക്കി സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചത്. വിളവെടുപ്പിന് പാകമായപ്പോൾ ലോക്ക്ഡൗൺ നിലവിൽ വന്നതോടെ പയർ വിപണിയിലെത്തിക്കാൻ കഴിയാത്ത സ്ഥിതിയായി. ഇതിനിടെയാണ് മഴയും കാറ്റുമുണ്ടായത്. ഇനി കാലവർഷം കൂട എത്തുന്നതോടെ കൃഷികൾ പൂർണമായി നശിക്കുമോയെന്നാണ് ആശങ്ക.