പാലാ : പാലാ ജനറൽ ആശുപത്രിയിൽ കൂടുതൽ ചികിത്സാ വിഭാഗങ്ങളും രോഗനിർണയ ഉപകരണങ്ങളും അനുവദിച്ച് പൂർണ പ്രവർത്തനസജ്ജമാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടതായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് .കെ.മാണി അറിയിച്ചു. ആശുപത്രി വികസനം സംബന്ധിച്ച് നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി സമർപ്പിച്ച നിർദ്ദേശങ്ങൾ സർക്കാരിന് കൈമാറി. ഇതിനായുള്ള തുടർ നടപടികൾക്ക് മന്ത്രി റോഷി അഗസ്റ്റിനെ ചുമതലപ്പെടുത്തി. വിവിധ ചികിത്സാവിഭാഗങ്ങളും ഡോക്ടർ തസ്തികകളും, ഉപകരണങ്ങളും പല കാരണങ്ങളാൽ ആശുപത്രിയിൽ നിന്ന് അടുത്ത കാലത്ത് മാറ്റിക്കൊണ്ട് പോയത് പുനസ്ഥാപിക്കാൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ആശുപത്രിയ്ക്ക് ലഭ്യമാക്കായിരുന്ന നിരവധി ഡയാലിസിസ് ഉപകരണങ്ങൾ കൂട്ടത്തോടെ കൊണ്ടുപോയിരുന്നു. ഡയാലിസിസിന് ആവശ്യമായ ആർ.ഒ പ്ലാന്റും സ്ഥാപിച്ചിരുന്നില്ല. നഗരസഭയുടെ ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി റിവേഴ്‌സ് ഓസ്‌മോസിസ് (ആർ.ഒ) പ്ലാന്റ് സ്ഥാപിക്കാൻ തുക വകകൊള്ളിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും, വൈസ് ചെയർമാൻ സിജി പ്രസാദും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും അറിയിച്ചു. ഇതോടെ ഉപകരണങ്ങൾ തിരികെ എത്തിച്ച് ഡയാലിസിസ് കേന്ദ്രം പ്രവർത്തിപ്പിക്കാനാകും.

ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കും

ആദ്യത്തെ 10 ഡയാലിസിസ് യൂണിറ്റുകൾ ഡയഗ്‌നോ സിസ് ബ്ലോക്കിലാണ് സ്ഥാപിക്കുക. ഇതോടൊപ്പം ഇവിടെ അധിക സൗകര്യങ്ങൾക്കായി വിഭാവനം ചെയ്ത് അംഗീകരിച്ച് തുക വകയിരുത്തിയിട്ടുള്ള ഉപകരണങ്ങളും സ്ഥാപിക്കും. കെ.എം.മാണിയുടെ സ്വപ്നപദ്ധതിയായിരുന്ന രോഗനിർണയ കേന്ദ്രത്തിനായി വകയിരുത്തിയ 9.75 കോടിയിൽ കെട്ടിട നിർമ്മാണത്തിന് ശേഷം ബാക്കി നിൽക്കുന്ന തുക വിനിയോഗിച്ച് ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കും.