കോട്ടയം: ചെളിയും കാടും നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ 15 വർഷമായി ദുരിതയാത്രയിലാണ് വടക്കേവടക്കം മുട്ടം നിവാസികൾ. കോട്ടയം നഗരസഭ 43 വാർഡിലെ തുറമുഖം റോഡിൽ മുട്ടത്താണ് ചെളി നിറഞ്ഞ ഒറ്റയടിപ്പാതയുള്ളത്. നാട്ടകത്ത് നിന്നും ആരംഭിക്കുന്ന തുറമുഖം റോഡ് പാതിവഴിയിൽ അവസാനിക്കുന്നു. വടക്കേമുട്ടം പാടശേഖരത്തിലേയ്ക്കും സമീപത്തെ വീടുകളിലേയ്ക്കും എത്തിച്ചേരണമെങ്കിൽ ചെളിയും കാടും നിറഞ്ഞ പാതയിലൂടെ വേണം കടന്നുപോകുവാൻ. നിരവധി തവണ അധികൃതർക്ക് പരാതികളും നിവേദനങ്ങളും നൽകിയതിന്റെ അടിസ്ഥാനത്തിൽ റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കുവാൻ അധികൃതരുടെ ഉത്തരവ് വന്നെങ്കിലും കഴിഞ്ഞ ഒൻപത് വർഷമായി നടപടിയൊന്നും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
നിലവിൽ കോൺക്രീറ്റ് ചെയ്ത് അവസാനിച്ചിരിക്കുന്ന ഭാഗത്ത് നിന്ന് പാടശേഖരത്തിലേയ്ക്കും സമീപത്തെ വീടുകളിലേയ്ക്കും എത്തിച്ചേരണമെങ്കിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെ താൽക്കാലികമായുള്ള ചെളിനിറഞ്ഞ ഒറ്റയടിപ്പാത മാത്രമാണ് ആശ്രയം. ഇവിടെ തുറമുഖം സംരക്ഷണ ഭിത്തി നിർമ്മാണത്തിന്റെ ഭാഗമായി മുമ്പ് ഉണ്ടായിരുന്ന റോഡ് അടച്ചുകെട്ടി പകരം പുതിയ റോഡ് കോൺക്രീറ്റ് ചെയ്ത് നൽകുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ല. തുടർന്നാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെ നടപ്പാത ആരംഭിച്ചത്.
തുറമുഖത്തിനു മറുവശത്തുകൂടെ കൊടൂരാറിന്റെ കെട്ടിലൂടെ പാത ഉണ്ടായിരുന്നെങ്കിലും തുറമുഖം നിർമ്മാണത്തിന്റെ ഭാഗമായി ഇവിടം ഇടിച്ചുകളഞ്ഞു. ചെളിനിറഞ്ഞ പാത ഒരാൾക്ക് കഷ്ടിച്ച് നടക്കാൻ കഴിയുന്ന പാതയിൽ ചെളിനിറഞ്ഞും ഇരുവശങ്ങളും കാടും പടർപ്പും നിറഞ്ഞതിനാൽ ഇതുവഴിയുള്ള യാത്ര ദുസഹമാണ്. വെള്ളം കയറുന്ന സമയങ്ങളിൽ പാതയിലൂടെ നടക്കാൻ കഴിയില്ല. പാടശേഖരത്തിനു സമീപത്തായി കുട്ടികളും പ്രായമായവരും ഉൾപ്പെടെ അഞ്ച് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവിടെയ്ക്ക് 600 കിലോമീറ്ററോളം വെള്ളത്തിലൂടെ നടന്നാൽ മാത്രമേ റോഡിലേയ്ക്ക് എത്താൻ സാധിക്കൂ. രാത്രികാലങ്ങളിലും ആശുപത്രി സംബന്ധമായ കേസുകളിലും പോകണമെങ്കിൽ വള്ളത്തിലൂടെ മാത്രമേ കരയ്ക്ക് എത്താൻ കഴിയൂ. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ മരണങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്.
ഇഴജന്തുക്കളുടെ ശല്യം, വഴിവിളക്കില്ല!
സന്ധ്യമയങ്ങിയാൽ ഇതുവഴി കടന്നുപോകുവാൻ പ്രയാസമാണ്. ഇരുവശവും കാട് നിറഞ്ഞതിനാലും തരിശുപാടമായതിനാലും ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. വലിയതും വിഷമുള്ളതുമായ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണിവിടം. പ്രദേശവാസിയുടെ ആടിനെ പാമ്പ് പിടിച്ച സംഭവും ഉണ്ടായിട്ടുണ്ട്. വഴിവിളക്ക് ഇല്ലാത്തതിനാൽ ടോർച്ച് വെളിച്ചമാണ് ആശ്രയം. അതിശക്തമായ കാറ്റാണ് ഇവിടെ വീശുന്നത്. നിരവധി വൻമരങ്ങളും ഇവിടെ കടപുഴകി വീണു കിടക്കുന്നു. മാലിന്യം കെട്ടിക്കിടന്ന് ഓടകൾ അടഞ്ഞതിനാൽ തരിശുപാടത്തെ മലിനജലം വെള്ളപ്പൊക്ക സമയങ്ങളിൽ വീടുകളിൽ വന്നു നിറയുന്ന സ്ഥിതിയാണ്. അതിനാൽ, സാംക്രമിക രോഗങ്ങളും പടർന്നു പിടിക്കുന്നതിനുള്ള സാദ്ധ്യതയുമുണ്ട്. അസഹ്യമായ ദുർഗന്ധവും ഇവിടെ നിന്ന് വമിക്കുന്നുണ്ട്. കിണർ കുഴിയ്ക്കാൻ സാധിക്കാത്തതിനാൽ വെള്ളം വില കൊടുത്ത് വാങ്ങുകയാണ്. കിലോമീറ്ററോളം നടന്നും വള്ളത്തിലും മറ്റുമാണ് വെള്ളം എത്തിയ്ക്കുന്നത്. 150 ഓളം കുടുംബങ്ങളാണ് പ്രദേശത്ത് ഈ ദുരിതം അനുഭവിക്കുന്നത്. പാടശേഖരത്തിലേയ്ക്ക് ആവശ്യമായ സാധന സാമഗ്രികൾ എത്തിക്കുന്നതും വള്ളത്തിലാണ്. ഏക ആശ്രയമായ ഒറ്റയടിപ്പാത സ്വകാര്യ വ്യക്തി കെട്ടിയടച്ചാൽ എന്തുചെയ്യുമെന്ന ആശങ്കയിലാണ് ഇവിടുത്തെ കുടുംബങ്ങൾ.
പോർട്ടിനു സമീപത്ത് മുമ്പ് ഉണ്ടായിരുന്ന റോഡ് പുനർനിർമ്മിച്ച് കോൺക്രീറ്റ് ചെയ്ത് റോഡ് സഞ്ചാര്യയോഗ്യമാക്കുന്നതിന് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണം
ശ്യാം, പ്രദേശവാസി