landslise

കോട്ടയം: കാലവർഷം ആരംഭിക്കുംമുമ്പേ മീനച്ചിൽ താലൂക്കിലെ മലയോര മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നൊരുക്കം ആരംഭിച്ചു. ഉരുപെട്ടലും മണ്ണിടിച്ചിലും നിത്യസംഭവമായ തീക്കോയി, തലനാട്, പൂഞ്ഞാർതെക്കേക്കര പഞ്ചായത്തുകളിലെ മലയോരത്താണ് രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നൊരുക്കം നടത്തിയത്. അതിന്റെ ഭാഗമായി മോക്ക്ഡ്രില്ലും നടത്തി.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു മോക്ഡ്രിൽ. ദുരന്തം സംഭവിച്ചതായി സങ്കൽപ്പിച്ചുകൊണ്ട് നടത്തേണ്ട തുടർ നടപടികളാണ് മോക്ഡ്രില്ലിൽ സ്വീകരിച്ചത്. മണ്ണിടിച്ചിൽ സാധ്യതയുള്ള വെള്ളികുളം, വെളളപ്പൊക്കസാധ്യതയുള്ള ചാത്തപ്പുഴ എന്നീ സ്ഥലങ്ങളിലായിരുന്നു മോക്ക്ഡ്രിൽ. തുടർന്ന് 250ൽ അധികം കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. വേനൽ മഴയിൽ മലയോരമേഖല ദിവസങ്ങളായി ഭീതിയിലായിരുന്നു.

തലനാട് പഞ്ചായത്തിൽ 2018-ൽ 15 ഉം 2019-ൽ 18 ഉം ഉരുൾപൊട്ടലുണ്ടായി. വ്യാപകമായി മണ്ണിടിച്ചിലുമുണ്ടായി. തീക്കോയി പഞ്ചായത്തിൽ 2018-ലുണ്ടായ രണ്ട് ഉരുൾപൊട്ടലിൽ അഞ്ചുപേരാണ് മരിച്ചത്. തീക്കോയിയിൽ എല്ലാവർഷവും മണ്ണിടിച്ചിൽ ഉണ്ടാവും. 2019-ൽ കൂട്ടിക്കൽ,​ കോരുത്തോട് പഞ്ചായത്തുകളിലായി പത്തോളം ഉരുൾപൊട്ടൽ ഉണ്ടായി. പൂഞ്ഞാർതെക്കേക്കര പഞ്ചായത്തിൽ കഴിഞ്ഞ വർഷം രണ്ടിടത്ത് ഉരുൾപൊട്ടൽ ഉണ്ടായി. ആളപായം ഉണ്ടായില്ലെങ്കിലും വ്യാപക കൃഷിനാശമാണ് സംഭവിച്ചത്. ഈരാറ്റുപേട്ട ബ്ലോക്ക് പരിധിയിൽ 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കഴിഞ്ഞ വർഷം സംഭവിച്ചു.

കാലവർഷം ആരംഭിച്ചാൽ മീനച്ചിൽ താലൂക്കിലെ മലയോരമേഖല ഭീതിയിലാണ്. തുടർച്ചയായി മഴപെയ്താൽ ഇന്നാട്ടുകാരുടെ ഉള്ളിൽ ആധിയാണ്. എപ്പോൾ ഉരുൾപൊട്ടും എന്നാണ് ഇവരുടെ ആധി. തങ്ങളുടെ വീടും പുരയിടവും ഒലിച്ചുപോവുമോയെന്നാണ് ഇവിടുത്തുകാരുടെ പേടി. മലയുടെ മുകൾ ഭാഗത്താവും മിക്കപ്പോഴും ഉരുൾപൊട്ടലുണ്ടാവുക. ഉരുൾപൊട്ടൽ ഉണ്ടായാൽ വെള്ളം കടന്നുപോവുന്ന പ്രദേശത്ത് വ്യാപകമായ നാശനഷ്ടമാണ് സംഭവിക്കുക. കൂടാതെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉണ്ടാവും. ഇതോടെ പുറംലോകവുമായി ബന്ധപ്പെടാനാവാതെ മിക്ക പ്രദേശങ്ങളും ഒറ്റപ്പെടുകയും സാധാരമയാണ്.

മലയോരമേഖലയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലത്തുനിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കും ക്യാമ്പുകളിലേക്കും മാറ്റി താമസിപ്പിക്കുകയാണ് പതിവ്. കഴിഞ്ഞ വർഷം ഇത് ഫലപ്രദമായി ചെയ്തിരുന്നു. കാലവർഷം എത്തുംമുമ്പേ ഇക്കൊല്ലം തലനാട്, തീക്കോയി, മൂന്നിലവ്, പൂഞ്ഞാർതെക്കേക്കര, തിടനാട് എന്നീ പഞ്ചായത്തുകളിൽ ക്യാമ്പുകൾ സ്ഥാപിക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി.

കഴിഞ്ഞ വർഷം മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ജില്ലാ ജിയോളജിസ്റ്റ്, സോയിൽ കൺസർവേറ്റർ, മീനച്ചിൽ തഹസിൽദാർ എന്നിവരടങ്ങുന്ന സംഘം പരിശോധന നടത്തിയിരുന്നു.

മണ്ണിടിച്ചിൽ സാധ്യതയുള്ള വെള്ളികുളം, വെളളപ്പൊക്കസാധ്യതയുള്ള ചാത്തപ്പുഴ എന്നീ സ്ഥലങ്ങളിലായിരുന്നു മോക്ക്ഡ്രിൽ നടത്തിയത്. തുടർന്ന് 250ൽ അധികം കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.