കോട്ടയം : പുതുപ്പള്ളി മുപ്പാത്തിയിൽ എം.എ.ജോസഫിന്റെ പുരയിടത്തിന്റെ പിൻഭാഗത്തെ മണ്ണിടിഞ്ഞ് വീണ് സമീപത്തെ മൈതാനത്ത് പാർക്ക് ചെയ്തിരുന്ന ജെ.സി.ബിയ്ക്കും, ടിപ്പർ ലോറിക്കും മുകളിലേക്കും വീണു. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം. വീടും ഇടിഞ്ഞ് താഴ്ന്നു. 12 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. വള്ളംകുളം കൺസ്‌ട്രക്ഷൻസിന്റേതാണ് ജെ.സി.ബിയും ടിപ്പറും. ലോക്ക് ഡൗണായതിനാൽ ദിവസങ്ങളോളമായി ഈ വാഹനങ്ങൾ ഇവിടെയാണ് പാർക്ക് ചെയ്യുന്നത്. ഇന്നലെ രാവിലെ പത്തരയോടെ വൻ ശബ്‌ദത്തോടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ചെറിയ മഴ മാത്രമാണ് രാവിലെ പെയ്തതെന്നും മണ്ണിടിയാനുള്ള കാരണം അജ്ഞാതമാണെന്നും നാട്ടുകാർ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.