കട്ടപ്പന: കലിതുള്ളിയ ന്യൂനമർദത്തിന് പിന്നാലെ കാലവർഷമെത്തുമ്പോൾ പ്രളയങ്ങളിൽ നാമാവശേഷമായ തവളപ്പാറ മലഞ്ചെരുവിൽ ആശങ്കയുടെ നെരിപ്പോട് പുകഞ്ഞുതുടങ്ങുകയാണ്. വീണ്ടുമൊരു കാലവർഷത്തെ എങ്ങിനെ നേരിടുമെന്ന് ഇവർക്കറിയില്ല. 14 കുടുംബങ്ങളാണ് തവളപ്പാറയിലെ ഉരുൾപൊട്ടൽ സാദ്ധ്യത മേഖലയിൽ ദുരന്തത്തെ മുഖാമുഖം കണ്ട് ദിവസങ്ങൾ തള്ളിനീക്കുന്നത്. 2019ലെ രണ്ടാം പ്രളയത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ട 2 കുടുംബങ്ങൾ ഇപ്പോഴും വാടക വീട്ടിലാണ് കഴിയുന്നത്. കഴിഞ്ഞ ദിവസത്തെ പേമാരിയിൽ മലമുകളിൽ നിന്ന് നീർച്ചാലുകൾ രൂപപ്പെട്ടിരുന്നു. തുടർന്ന് നാട്ടുകാർ ചാലുകൾ കീറിയും തടസങ്ങൾ നീക്കിയും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി. ഭൗമശാസ്ത്ര സംഘവും റവന്യു അധികൃതരും സ്ഥലം സന്ദർശിച്ച് മടങ്ങിയതല്ലാതെ റിപ്പോർട്ട് തയാറാക്കി ജില്ലാ ഭരണകൂടത്തിന് നൽകിയിട്ടില്ല. ഇതോടെ തവളപ്പാറയിലെ കുടുംബങ്ങളുടെ പുനരധിവാസവും മുടങ്ങി.
നാമാവശേഷമാക്കിയ പ്രളയങ്ങൾ
മഹാപ്രളയ കാലത്ത് ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലും തവളപ്പാറയിലെ 2 വീടുകൾ ഭാഗികമായി തകർന്നു. വ്യാപകമായി കൃഷിനാശം സംഭവിക്കുകയും നിരവധി പേരുടെ പുരയിടങ്ങൾ ഒലിച്ചുപോകുകയും ചെയ്തിരുന്നു. മലഞ്ചെരുവിനെ തകർത്തെറിഞ്ഞത് രണ്ടാം പ്രളയമാണ്. 2019 ഓഗസ്റ്റ് എട്ടിന് തവളപ്പാറയിലെ മലമുകളിൽ ഉരുൾപൊട്ടി. മലവെള്ളത്തോടൊപ്പം ഒലിച്ചെത്തിയ കൂറ്റൻപാറകളും മണ്ണും മങ്ങാടൻപിള്ളിൽ എം.ജി. ഹരിയുടെ വീട് തകർത്ത് ഉള്ളിലേക്കു പതിക്കുകയായിരുന്നു. അപകടസമയത്ത് ഹരിയുടെ ഭാര്യ സുമി, മക്കളായ ദേവദത്തൻ, സൂര്യദത്തൻ, അമ്മ സരോജിനി എന്നിവർ വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ ഇവരെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.. ഇടത്തറയിൽ ബിജി മധുവിന്റെ വീടും മണ്ണിടിച്ചിലിൽ തകർന്നു. അഞ്ചിലധികം കുടുംബങ്ങളുടെ ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിയും ഒലിച്ചുപോയി. അടക്കം ചെയ്ത മൃതദേഹവും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ഹരി, ബിജി എന്നിവരുടെ കുടുംബങ്ങൾ ഇപ്പോഴും വാടക വീട്ടിലാണ് കഴിയുന്നത്. കാലവർഷങ്ങളിൽ മറ്റ് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയാണ് പതിവ്.
സന്ദർശിച്ചു; മടങ്ങി:
റിപ്പോർട്ട് നൽകിയില്ല
മഴക്കെടുതികൾക്കു ശേഷം ഭൗമശാസ്ത്ര വിദഗ്ദ്ധ സംഘം നടത്തിയ സന്ദർശനത്തിൽ ഇവിടുത്തെ ഭൂമിയിൽ പല സ്ഥലങ്ങളിലായി വിള്ളൽ വീണതായും സമീപത്തെ പാറക്കൂട്ടങ്ങൾക്ക് സ്ഥാനചലനം സംഭവിച്ചതായും കണ്ടെത്തിയിരുന്നു. തഹസിൽദാർ, വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവരും സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് ഇതുവരെ നൽകിയിട്ടില്ല. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് സ്ഥലം സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ എത്തിയില്ല.
നേരത്തെ ഹരിയുടെ കുടുംബത്തിന് പ്രളയ ദുരിതാശ്വാസത്തിൽ നിന്നു വീട് നിർമിക്കാൻ തുക അനുവദിച്ചിരുന്നു. ആകെയുള്ള പുരയിടം ഉരുൾപൊട്ടലിൽ ഒലിച്ചുപോയതോടെ വീട് നിർമിക്കാൻ സ്ഥലമില്ലാതായി. ഇതിനിടെ പ്രത്യേകം നിയോഗിച്ച റവന്യു ഉദ്യോഗസ്ഥൻ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് വീട് നിർമിക്കാമെന്ന് നിർദേശിച്ച് കളക്ടർക്ക് റിപ്പോർട്ടും നൽകി. എന്നാൽ കൃത്യമായ പഠനം നടത്താതെയാണ് റിപ്പോർട്ട് നൽകിയതെന്നു നാട്ടുകാർ ആരോപിച്ചിരുന്നു.
പുനരധിവാസം വൈകുന്നു
ഭൗമശാസ്ത്ര സംഘമോ റവന്യു വകുപ്പോ റിപ്പോർട്ട് നൽകാത്തതിനാൽ ഇവിടുത്തെ കുടുംബങ്ങളുടെ പുനരധിവാസം വൈകുകയാണ്. വീട് നഷ്ടപ്പെട്ട 2 കുടുംബങ്ങൾ ഇപ്പോഴും വാടക വീടുകളിൽ കഴിയുന്നു. തൂങ്കുഴിയിൽ നഗരസഭയ്ക്ക് സൗജന്യമായി ലഭിച്ച 30 സെന്റ് സ്ഥലത്തിൽ 25 സെന്റ് തവളപ്പാറയിലെ 5 കുടുംബങ്ങൾക്ക് 5 സെന്റ് വീതം നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഭൂമി വിട്ടുനൽകുന്നത് ഉൾപ്പെടെയുള്ള തുടർനടപടി നഗരസഭ സ്വീകരിച്ചില്ല.