കട്ടപ്പന: കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളിയിൽ മൊബൈൽ ടവർ സ്ഥാപിച്ച് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ്. സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ. സംഗീത വിശ്വനാഥൻ കളക്ടർക്ക് നിവേദനം നൽകി. വികസനം എത്തി നോക്കിയിട്ടില്ലാത്ത മൈലപ്പള്ളി, മക്കുവള്ളി, മനയത്തടം, കൈതപ്പാറ എന്നീ ഗ്രാമ പ്രദേശങ്ങൾ ഒറ്റപ്പെട്ടുകഴിയുകയാണ്. 300ൽപ്പരം വിദ്യാർത്ഥികളാണ് ഈ മേഖലകളിലുള്ളത്. ബി.എസ്.എൻ.എലിനു മാത്രമേ ഭാഗികമായി റേഞ്ച് ഉള്ളൂ. എന്നാൽ മഴക്കാലത്ത് നെറ്റ്‌വർക്ക് പൂർണമായി നഷ്ടമാകും. ഇതോടെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്ന സ്ഥിതിയാണ്. സഞ്ചാരയോഗ്യമല്ലാത്ത റോഡ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ നിരവധി കുടുംബങ്ങൾ ഇവിടം ഉപേക്ഷിച്ചുപോയിട്ടുണ്ട്. 2018ലാണ് ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമജ്യോതി യോജന പദ്ധതിപ്രകാരം ഇവിടങ്ങളിൽ വൈദ്യുതിയെത്തിയത്. കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചും ട്രിപ്പ് ജീപ്പുകളെ ആശ്രയിച്ചുമാണ് ആളുകൾ കഞ്ഞിക്കുഴിയിലോ ഉടുമ്പന്നൂരിലോ എത്തുന്നത്. പുതിയ അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ അടിയന്തരമായി മൊബൈൽ ടവർ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ച് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം സാദ്ധ്യമാക്കണമെന്ന് സംഗീത വിശ്വനാഥൻ ആവശ്യപ്പെട്ടു. സ്വകാര്യ മൊബൈൽ കമ്പനികളെ വിവരം ധരിപ്പിച്ച് ടവർ സ്ഥാപിക്കാൻ ഉടൻ ഇടപെടൽ നടത്തുമെന്ന് കളക്ടർ എച്ച്. ദിനേശൻ ഉറപ്പുനൽകി. മക്കുവള്ളി പഞ്ചായത്ത് അംഗം സ്മിത ദീപു, എൻ.ഡി.എ. നേതാക്കളായ രതീഷ് വരകുമല, മനേഷ് കുടിക്കയത്ത്, കെ.പി. ബിനീഷ്, പാർത്ഥേശൻ ശശികുമാർ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.