ambika

മുണ്ടക്കയം: വനിതാ സിവില്‍ എക്സൈസ് ഒാഫീസര്‍ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഏലപ്പാറ സ്വദേശി അംബിക. കഷ്ടപ്പാടിന്‍റെയും ദുരിതങ്ങളുടെയും നടുവിൽ നിന്നാണ് അംബിക ഈ നേട്ടം കരസ്ഥമാക്കിയത്. ഏലപ്പാറ മുരളി ഭവനിൽ മധുരൈപാണ്ടി- ധനം ദമ്പതിമാരുടെ നാലു മക്കളില്‍ ഇളയവളാണ് അംബിക. കഴിഞ്ഞ 35 വർഷമായി ഏലപ്പാറയിൽ വാടക വീട്ടിലാണ് മധുരൈ പാണ്ഡിയും കുടുംബവും താമസിക്കുന്നത്. ആക്രി വ്യാപാരിയായ മധുരെ പാണ്ടിയും തോട്ടം തൊഴിലാളിയായ ധനവും മറ്റെന്തിനെക്കാളും മക്കളുടെ വിദ്യാഭ്യാസത്തിനാണ് മുന്‍ഗണന നല്കിയത്. ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കണ്ടറി വരെ ഏലപ്പാറ പഞ്ചായത്ത് സ്കൂളിലാണ് പഠിച്ചത്. ബി.ബി.എയ്ക്ക് കുട്ടിക്കാനം മരിയൻ കോളേജിൽ പഠിക്കുമ്പോൾ കാമ്പസ് സെലക്ഷനിലൂടെ ജോലി ലഭിച്ചു. ബാഗ്ലൂരിൽ ട്രെയിനിംഗിന് ശേഷം കൊച്ചി ബിഗ് ബസാറിൽ അസ്സിസ്റ്റന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ് മാനേജറായി ജോലി ചെയ്തു. സ്ഥലം മാറ്റത്തോടെ ജോലി വേണ്ടന്ന് വച്ച് തിരികെയെത്തിയ അംബിക വണ്ടിപ്പെരിയാർ കെ.എം.ജി ഇൻസ്റ്റിറ്റൂട്ടിൽ പരിശീലനം നടത്തി.എൽ.ഡി.സി, സിവിൽ സപ്ലൈയിസ് പരീക്ഷകളില്‍ ലിസ്റ്റിൽ ഉള്‍പ്പെട്ടിരുന്നു. വനിത സിവിൽ പൊലീസിന്റെ ലിസ്റ്റിൽ മുമ്പിലെത്തിയെങ്കിലും ഉയരമില്ലായ്മ തിരിച്ചടിയായി. എന്നാൽ വനിത സിവിൽ എക്സൈസ് ഓഫീസർ പരീക്ഷയില്‍ കഠിനാധ്വാനം ചെയ്ത് എഴുത്ത് പരീക്ഷയിലും കായിക പരീക്ഷയിലും ഒന്നാം സ്ഥാനം നേടിയാണ് അംബിക ഹൈറേഞ്ചിന് അഭിമാനമായത്.