a

കുമരകം: കോണത്താറ്റ് പാലം വീതി കൂട്ടി നിർമ്മിക്കണമെന്ന കുമരകം നിവാസികളുടെ സ്വപ്നം യാഥാർത്ഥത്തിലേക്ക്. കിഫ്ബി പദ്ധതിയിൽപ്പെടുത്തി നിർമ്മിക്കുന്ന പാലത്തിന് 6,85,96000 രുപയുടെ ഫണ്ട് അനുവദിച്ചു. പാലം വീതി കൂട്ടുന്നതിനായി നിലവിലുള്ള പാലത്തിന്റെ വടക്ക് വശത്തായി 10.6 സെൻ്റ് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ലാന്‍ഡ് അക്യൂസിഷന്‍ തഹസില്‍ദാർ ആരംഭിച്ചു. കേരള റോഡ് ഫണ്ട് ബോർഡിനാണ് പാലത്തിന്റെ നിർമ്മാണ ചുമതല. കോട്ടയം പത്തനംതിട്ട ഡിവിഷൻ എൻജിനീയർ ഓഫീസാണ് മേൽനോട്ടം വഹിക്കുന്നത്. മന്ത്രി വി.എൻ.വാസവനും നിർമ്മാണച്ചുമതലയുള്ള എൻജിനീയർമാരുടെ സംഘവും ഇന്നലെ സ്ഥലം സന്ദർശിച്ചു. പ്രകടനപത്രികയിലും കഴിഞ്ഞ ദിവസം നടന്ന ഏറ്റുമാനൂർ മണ്ഡലത്തിലെ വികസന ചർച്ചയിലും മന്ത്രി കോണത്താറ്റ് പാലം വീതികൂട്ടി പുനർനിർമ്മിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, വൈസ് പ്രസിഡന്റ് വി.കെ.ജോഷി, എക്സിക്യുട്ടീവ് എൻജിനീയർ പി.എസ്. റോയി, അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എൻജിനീയർമാരായ ജി. മധുസൂദനൻ, എസ്. സ്മിത, അസി.എൻജിനീയർ ജെസ്റ്റീന ജോർജ്, കെ.കേശവൻ, കെ. മിഥുന്‍, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

14 മീറ്റർ വീതി

14 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്.ഇതിൽ 10.5 മീറ്റർ വാഹന ഗതാഗതത്തിനും 2 മീറ്റർ നടപ്പാതയും 1.5 മീറ്റർ അനുബന്ധ സംവിധാനങ്ങളോടും കൂടിയാണ് പാലം നിർമ്മിക്കുക. ഏറ്റവും വേഗം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് സ്ഥലത്തെത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.