കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ദിവസവും തൊഴിലുറപ്പ് ജോലി ചെയ്തതായി രേഖയുണ്ടാക്കി പണം തട്ടിയ മിനി നന്ദകുമാർ രാജി വയ്ക്കണമെന്ന് യു.ഡി.എഫ്. ഡിസംബർ 21നാണ് പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. അന്നേദിവസവും അവർ തൊഴിലുറപ്പ് ജോലി ചെയ്തതായാണ് രേഖകൾ. കൂടാതെ പരപ്പ് സ്വദേശികളായ 2 പേരുടെ ഫോട്ടോയാണ് ഇവരുടെ തൊഴിൽ കാർഡിൽ പതിച്ചിരിക്കുന്നത്. 2020 ഡിസംബർ 14 മുതൽ 24 വരെ തൊഴിലുറപ്പ് പണിയെടുത്ത് 2910 രൂപയാണ് മിനി നന്ദകുമാർ കൈപ്പറ്റിയത്. 2019ലും ഇവർ തൊഴിലുറപ്പ് ജോലി ചെയ്തിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ തയാറായില്ലങ്കിൽ ഇവരെ എൽ.ഡി.എഫ്. പുറത്താക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
മറ്റൊരു മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും മകനും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും എട്ടാംവാർഡ് അംഗവും തൊഴിലുറപ്പ് പണി ചെയ്യാതെ പണം കൈപ്പറ്റിയിട്ടുണ്ടെന്നും നേതാക്കൾ ആരോപിച്ചു. മുൻ വൈസ് പ്രസിഡന്റും എട്ടാം വാർഡ് അംഗവും ഈ ഭരണ സമിതിയിലും അംഗങ്ങളാണ്. ഒരാൾക്ക് ഒന്നിലധികം തൊഴിൽ കാർഡ് കൊടുത്തും ഫോട്ടോയും മേൽവിലാസവും മാറ്റി നൽകിയും ക്രമക്കേട് നടത്തി. സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് സ്ഥാപിച്ചതിലും അഴിമതി നടന്നിട്ടുണ്ട്. 2020 ജനുവരിയിൽ ജി.എസ്.ടി. രജിസ്‌ട്രേഷൻ നഷ്ടമായ ഏഞ്ചൽ ആക്ടിവിറ്റി ഗ്രൂപ്പിന്റെ പേരിൽ നിർമാണവും വിതരണവും നടത്തി നികുതി വെട്ടിക്കുകയാണ്. അഴിമതി പൂർണമായി കണ്ടെത്താൻ ഇന്റേഷണൽ വിജിലൻസ് അന്വേഷണം മതിയാവിെല്ലന്ന് യു.ഡി.എഫ്. മണ്ഡലം ചെയർമാൻ ജേക്കബ് പടലുങ്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് കുര്യൻ, പഞ്ചായത്ത് അംഗങ്ങളായ സോണിയ ജെറി, സിജി ദിലീപ്, ലിസി കുര്യാക്കോസ്, ശെൽവകുമാർ എന്നിവർ പറഞ്ഞു.