വൈക്കം: പുറബണ്ടും മോട്ടോറുമില്ലാത്ത പാടശേഖരത്തിൽ വെള്ളം നിറഞ്ഞതോടെ സമീപത്തെ വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിലായി. വെച്ചൂർ ഇടയാഴം തോട്ടാപള്ളിയിൽ 25 ഏക്കർ വിസ്തൃതിയുള്ള അറുപത് ആട്ടേതാഴെ പാടശേഖരത്തിനോട് ചേർന്നുള്ള 20 ഓളം കുടുംബങ്ങളാണ് കഴിഞ്ഞ 20 ദിവസമായി വെള്ളപ്പൊക്കം നേരിടുന്നത്.പുറബണ്ടും മോട്ടോറുമില്ലാത്തതിനാൽ പാടശേഖരത്തിൽ വർഷ കൃഷി നടത്തുന്നില്ല.പുറബണ്ടില്ലാത്തതിനാൽ കഴിഞ്ഞ പ്രളയത്തിൽ കൃഷി മുങ്ങി നശിച്ചതോടെ കർഷകർ വർഷ കൃഷി ഒഴിവാക്കി കന്നിയിൽ കൃഷി ചെയ്തു തുടങ്ങി. ഇതോടെയാണ് പ്രദേശവാസികൾ വെള്ളത്തിലായത്. ഇനി കുറഞ്ഞത് നാലു മാസമെങ്കിലും കഴിയാതെ തങ്ങളുടെ വീടുകളിൽ നിന്നു വെള്ളമിറങ്ങില്ലെന്നാണ് ദുരിതബാധിതർ പറയുന്നത്.ഒഴലക്കാട്ടുചിറ വിജയമ്മ, സുനി ആട്ടേത്തറ, സാലമ്മ വാര്യംവീട്, ഉഷകുറ്റിച്ചിറ, ചിറ്റേഴത്ത് മണിയൻ, ചിറ്റേഴത്ത് ഷാജി, രാജേഷ് രാജേഷ് ഭവനം, ഓമന വെട്ടിക്കാട്, മോളി വെട്ടിക്കാട്, രുഗ്മിണി വടക്കു പുറ, ഏലിയാമ്മ പുറക്കേരിത്തറ തുടങ്ങി 20 ഓളം കുടുംബങ്ങളിൽ നിന്ന് വയോധികരെയും കുഞ്ഞുങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
സ്ഥിതി ഗുരുതരം
മഴ കനത്താൽ പ്രദേശവാസികൾ വീടുവിട്ട് അഭയ കേന്ദ്രങ്ങളിലേക്ക് മാറേണ്ട സ്ഥിതിയാണ്. പച്ചക്കറി കൃഷിയും വെള്ളത്തിൽ മുങ്ങി നശിച്ചു.വെച്ചൂർ പഞ്ചായത്ത് രണ്ടാം വാർഡംഗം ഗീത സോമൻ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വീണ അജി എന്നിവർ ദുരിതബാധിത പ്രദേശത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.