കട്ടപ്പന: തൊഴിലുറപ്പ് പദ്ധതി ക്രമക്കേടിൽ പങ്കില്ലെന്നും യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അയ്യപ്പൻകോവിൽ പഞ്ചായത്ത് ഭരണസമിതി. എൽ.ഡി.എഫിന് ഭൂരിപക്ഷമില്ലാതിരുന്ന കഴിഞ്ഞ ഭരണസമിതിയിൽ യു.ഡി.എഫ്, ബി.ജെ.പി. അംഗംങ്ങൾ ഒറ്റക്കെട്ടായാണ് ആക്ടിവിറ്റി ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനിച്ചത്. നറുക്കെടുപ്പിലൂടെയാണ് കഴിഞ്ഞ തവണ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തത്. കഴിഞ്ഞ 5 വർഷവും വിയോജിപ്പ് രേഖപ്പെടുത്താത്തവർ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. ക്രമക്കേട് ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കളക്ടർക്ക് റിപ്പോർട്ട് നൽകി നടപടികൾ സ്വീകരിച്ചു. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും അഴിമതിക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് മിനി നന്ദകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.എൽ. ബാബു, സി.പി.എം. ലോക്കൽ സെക്രട്ടറി സുമോദ് ജോസഫ്, സി.പി.ഐ. ലോക്കൽ സെക്രട്ടറി കെ.ജെ. ജോസഫ് എന്നിവർ അറിയിച്ചു.