കട്ടപ്പന: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ മതപരമായ തരംതിരിക്കലും വിവേചനവും കൂടാതെ പൊതുമാനദണ്ഡം രൂപീകരിച്ച് എല്ലാ വിഭാഗത്തിലുമുള്ള അർഹരായവർക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, ജനറൽ സെക്രട്ടറി അഡ്വ. മനോജ് എംതോമസ് എന്നിവർ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി നിലവിലുള്ള തെറ്റായ നയം തിരുത്താനുള്ള അവസരമായി ഉപയോഗപ്പെടുത്തണം. ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങൾ വിവേചന രഹിതമായി ലഭിക്കാനുള്ള നടപടിയാണ് വേണ്ടത്. മതപരമായോ ജനസംഖ്യ അടിസ്ഥാനത്തിലോ വേർതിരിച്ചുള്ള വീതം വയ്പ് പാടില്ല. പൊതുമാനദണ്ഡം രൂപപ്പെടുത്തിയാൽ ഒരേ നീതി എല്ലാവർക്കും ലഭിക്കും. ഒരു വിഭാഗത്തിന് വലിയ പങ്ക് ലഭിക്കുന്ന രീതിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന കോടതി വിധിക്ക് അപ്പീൽ നൽകി മുമ്പ് നിലനിന്നിരുന്ന നീതി നിഷേധം പുനസ്ഥാപിക്കണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം അംഗീകരിക്കാനാകില്ല. വിഷയത്തിൽ യു.ഡി.എഫ്. നിലപാട് വെളിപ്പെടുത്തണം. മതേതരത്വത്തിന് യോജിക്കാത്ത നിലപാട് ലീഗ് തിരുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.