vatt

മുണ്ടക്കയം: കൊവിഡും ലോക് ഡൗണും മൂലം മദ്യശാലകൾ അടഞ്ഞതോടെ ജില്ലയുടെ കിഴക്കൻ മേഖലകളിൽ വ്യാജ മദ്യ നിർമ്മാണവും വിൽപ്പനയും സജീവമായി. ലക്ഷക്കണക്കിനു രൂപയുടെ വ്യാജ വാറ്റാണ് മേഖലയിൽ പൊടിപൊടിക്കുന്നത്. പ്രഷർ കുക്കറിൽ വാറ്റുന്ന ചെറു സംഘം മുതൽ വൻ സംഘങ്ങൾ വരെ മേഖലയിൽ സജീവമാണ്. മുണ്ടക്കയം, പെരുവന്താനം, കോരുത്തോട്, കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ വാറ്റുസംഘങ്ങൾ മത്സരിച്ചാണ് കച്ചവടം. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട്, വല്യേന്ത, ഞർക്കാട്, പറത്താനം, വല്ലീറ്റ, കാവാലി ഭാഗങ്ങളിൽ നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നു. കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി ഇടവേളയ്ക്കു ശേഷം വ്യാജ വാറ്റുകാരുടെ കേന്ദ്രമായി മാറി. ഈറ്റപനം കുഴി, പന്നി വെട്ടുംപാറ, ചൂരക്കയം തോട്, വയലുങ്കൽ തോട്, ചെന്നപ്പാറ കൊക്ക ഭാഗം, പനക്കച്ചിറ ,അഞ്ഞൂറ്റിനാല് എന്നിവിടങ്ങളിലും വാറ്റു സംഘങ്ങൾ പ്രവർത്തിയ്ക്കുന്നുണ്ട്.

മുണ്ടക്കയം പഞ്ചായത്തിലെ പുഞ്ചവയൽ, പുലികുന്ന്, വട്ടക്കാവ്' ചെറുമല , ഇഞ്ചിയാനി, കൊക്കയാർ പഞ്ചായത്തിലെ മേലോരം, അഴങ്ങാട്, കനകപുരം, ഏന്തയാർ ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലും വാറ്റുചാരായ വിൽപന സജീവമാണ്.

 കാടിറങ്ങി വാറ്റുകാർ

വനമേഖലയോട് അടുത്തുള്ള പ്രദേശങ്ങളായതിനാൽ മുൻപ് ഉൾവനങ്ങളിലായിരുന്നു വാറ്റു നടത്തിയിരുന്നത്. എന്നാൽ കാട്ടാന ശല്യം രൂക്ഷമായതോടെ സംഘങ്ങൾ കാട് വിട്ടു നാട്ടിലേക്ക് ഇറങ്ങി. വീടിനുള്ളിലും പുരയിടങ്ങളിലുമാണ് വാറ്റു നടത്തുന്നത്. മുൻ കാലങ്ങളിൽ 100 മുതൽ 200 രൂപ വരെയായിരുന്നു ഒരു ലിറ്റർ വാറ്റിനെങ്കിൽ ഇപ്പോൾ 1500 മുതൽ 2000 രൂപ വരെ കൊടുക്കണം. പൊലിസ് , എക്സൈസ് പരിശോധനയിൽ അയവുവന്നതോടെ വാറ്റു സംഘങ്ങളാടെ എണ്ണവും വർദ്ധിച്ചു. കൊമ്പുകുത്തിയിൽ നിന്ന് ഓട്ടോറിക്ഷയിലും ഇരു ചക്ര വാഹനങ്ങളിലുമാണ് രാത്രി കാലങ്ങളിൽ വിവിധ സ്ഥലങ്ങളിലേയ്ക്ക് മദ്യം കടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.