കോട്ടയം: തിരഞ്ഞെടുപ്പിനു ശേഷം കൊവിഡ് പിടിമുറുക്കിയതോടെ സ്ഥലം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിലായി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി എസ്.ഐ മുതൽ മുകളിലേയ്‌ക്കുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലവും വന്ന് പുതിയ സർക്കാർ അധികാരമേറ്റിട്ടും ഉദ്യോഗസ്ഥരെ തിരികെ നിയമിച്ചിട്ടില്ല.
മാർച്ച് ആദ്യമാണ് ജില്ലയിലെ ഡിവൈ.എസ്.പി മുതൽ എസ്.ഐ വരെയുള്ളവരെ സ്ഥലം മാറ്റിയത്. പലരെയും തിരുവനന്തപുരം, ഇടുക്കി, തൃശൂർ ജില്ലകളിലേയ്‌ക്കാണ് മാറ്റിയത്. പകരം എത്തിയവരെല്ലാം അതേ ജില്ലകളിൽ നിന്നുള്ളവരുമായിരുന്നു. താല്‌കാലിക മാറ്റമായതിനാൽ തിരഞ്ഞെടുപ്പിനു ശേഷം തിരികെ എത്താമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗസ്ഥർ. ഭൂരിഭാഗം പേരും കുടുംബത്തെ കൊണ്ടു പോകാതെയാണ് പോയത്. ഇതിനിടെ കൊവിഡ് രണ്ടാം തരംഗം കൂടി എത്തിയതോടെ പല പൊലീസ് സ്റ്റേഷനിലും ഭൂരിഭാഗം ഉദ്യോഗസ്ഥരും കൊവിഡ് ബാധിതരായി. ഈ സാഹചര്യത്തിലാണ് കുടുംബത്തോടൊപ്പം പോലുമല്ലാതെ പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടി ചെയ്യുന്നത്.
നിലവിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന കാരണത്താലാണ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം വൈകിപ്പിക്കുന്നത്. എന്നാൽ പൊലീസുകാരെ മാത്രം ദ്രോഹിക്കുന്നുവെന്നാണ് അവരുടെ പരാതി. ജൂൺ മാസമായതിനാൽ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും ഇവർക്ക് ആശങ്കയുണ്ട്.