hospital

കോട്ടയം: കൊവിഡ് ആശ്വാസകരമായ അവസ്ഥയിൽ എത്തിയെന്ന് കണക്കുകൾ നിരത്തിപ്പറയുമ്പോഴും ജില്ലയിൽ കാര്യങ്ങൾ അത്ര പന്തിയല്ല. ആശുപത്രിക്കണക്കുകൾ നൽകുന്നതും ശുഭസൂചനയല്ല. കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേയ്‌ക്ക് താഴ്‌ന്നിട്ടും ജില്ലയിലെ ആശുപത്രികളിൽ വെന്റിലേറ്ററുകൾ ഒഴിവില്ല.

കൊവിഡ് ജാഗ്രതാ പോര്‍ട്ടലിലെ വിവരങ്ങള്‍ പ്രകാരം ജില്ലയിൽ ഒരു ശതമാനത്തിൽ താഴെ, അതായത് 0.7 ശതമാനം മാത്രമാണ് വെന്റിലേറ്റർ ഒഴിവുള്ളത്. സർക്കാർ ആശുപത്രികളിലെ എല്ലാ വെൻ്റിലേറ്ററിലും രോഗികളുണ്ട്. സ്വകാര്യ ആശുപത്രികളിലെ 151 വെൻ്റിലേറ്ററുകളിൽ ഒരെണ്ണം മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്. കൊവിഡ് രണ്ടാം തരംഗം ആരംഭിച്ച ശേഷമുള്ള ആഴ്‌ചകളിൽ ഇതു തന്നെയാണ് സ്ഥിതിയെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.

രണ്ടാം തരംഗം ഗുരുതരം

ആദ്യ തവണ രോഗികളുടെ എണ്ണം വർദ്ധിച്ചില്ലെങ്കിൽ പോലും രോഗം ബാധിച്ച് വെന്റിലേറ്ററിൽ ആയവരുടെ എണ്ണം കുറവായിരുന്നു. എന്നാൽ, രണ്ടാം തരംഗത്തിൽ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം, രണ്ടാഴ്ച മുമ്പുള്ള അവസ്ഥയേക്കാള്‍ കിടക്കകള്‍ ഉള്‍പ്പെടെയുള്ള മറ്റു സൗകര്യങ്ങളില്‍ ഒഴിവുണ്ട്. ഈ കണക്കുകൾ ആശ്വാസം പകരുന്നതാണ്. ആകെയുള്ള 136 ആശുപത്രികളിലെ 48.5 ശതമാനം കിടക്കകളും ഒഴിഞ്ഞു കിടക്കുന്നു. ഐ.സി.യു. കിടക്കകളില്‍ 18 ശതമാനം ഒഴിവുണ്ട്. രണ്ടാഴ്ച മുമ്പ് ഇതു 10 ശതമാനത്തില്‍ താഴെയായിരുന്നു. ഓക്‌സിജന്‍ സൗകര്യമുള്ള നോണ്‍ ഐ.സി.യു. കിടക്കകളില്‍ 26.2 ശതമാനം ഒഴിഞ്ഞു കിടക്കുകയാണ്. എന്നാൽ, ഐ.സി.യുവിന്റെയും ഓക്‌സിജൻ സൗകര്യമുള്ള കിടക്കകളുടെയും കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് അത്ര ആശാവഹമല്ല .

നിലവില്‍ ജില്ലയില്‍ ആശുപത്രികളില്‍ കഴിയുന്നവരില്‍ 83 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരില്‍ 62 പേരും കൊവിഡ് ആശുപത്രികളിലാണ് കഴിയുന്നത്. ഗുരുതരമായ നിലയിലുള്ള 233 പേരുമുണ്ട്. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും തിരക്കു കുറഞ്ഞു തുടങ്ങി. ആകെയുള്ള 24 സി.എഫ്.എല്‍.ടി.സികളില്‍ 44.8 ശതമാനം സൗകര്യങ്ങളും ഒഴിഞ്ഞു കിടക്കുന്നു. സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെൻ്റ് സെന്ററുകളില്‍ ഇതു 35 ശതമാനവും ഡൊമിസിലയറി കെയര്‍ യൂണിറ്റുകളില്‍ ഇതു 50.8 ശതമാനവുമാണ്.

 ജില്ലയിൽ ആകെയുള്ള ആശുപത്രികൾ: 136

 ജില്ലയിൽ ഗുരുതരാവസ്ഥയിലുള്ളവർ: 233

 അതീവഗുരുതരാവസ്ഥയിലുള്ളവർ : 83

 ഒഴിവുള്ള വെന്റിലേറ്ററുകൾ: 0.7 ശതമാനം

'ജില്ലയിൽ ആകെ ഒരു വെന്റിലേറ്റർ മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്. കൊവിഡ് രണ്ടാം തരംഗം ആരംഭിച്ച ശേഷമുള്ള ആഴ്‌ചകളിൽ ഇതു തന്നെയാണ് സ്ഥിതി.'

- ആരോഗ്യ പ്രവർത്തകർ