കറുകച്ചാൽ: ലോക്ഡൗൺ കാലഘട്ടത്തിൽ കങ്ങഴയിൽ അടഞ്ഞുകിടക്കുന്ന വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികൾക്കും ലോക്ഡൗൺ മുലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യാപാരികൾക്കും കൈതാങ്ങായി കങ്ങഴ മർച്ചന്റ് അസോസിയേഷൻ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കൊവിഡിന്റെ ആദ്യഘട്ടത്തിലും കങ്ങഴ മർച്ചന്റ് അസോസിയേഷൻ അണുനശീകരണം, സൗജന്യ മരുന്ന് വിതരണം, ചുമട്ടുതൊഴിലാളികൾക്ക് കിറ്റ് വിതരണം, വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികൾക്ക് കിറ്റ് വിതരണം തുടങ്ങി നിരവധി കർമ്മപദ്ധതികൾ നടപ്പിലാക്കിയിരുന്നു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. കിറ്റുകളുടെ ആദ്യ വിതരണം കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് റംലാ ബീഗം നിർവഹിച്ചു. വാഴൂർ ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ശ്രീജിത്ത് വെള്ളാവൂർ, കങ്ങഴ ഗ്രാമപഞ്ചായത്ത് മെമ്പർ ഷിബു ഫിലിപ്പ്, കങ്ങഴ യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം പുളിക്കൽ, ട്രഷറർ വി.എം സ്‌കറിയാകുട്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തു.