വൈക്കം: വൈക്കം-വെച്ചൂർ-കുമരകം-കോട്ടയം റോഡിലെ തോട്ടകം അട്ടാറ പാലത്തിൽ കെണിയൊരുക്കി കുഴികൾ.
പെയ്ത്തു വെള്ളം നിറഞ്ഞ കുഴി തിരിച്ചയറിയാതെ ഇരുചക്രവാഹന യാത്രികർ വീഴുന്നത് പതിവാണ്. വൈക്കത്ത് നിന്നു വെച്ചൂർ, കുമരകം, കോട്ടയം എന്നിവടങ്ങളിലേക്കും തണ്ണീർമുക്കം, ചേർത്തല, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്കും ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴികടന്നു പോകുന്നത്. 41 വർഷം പഴക്കമുള്ള 80 മീറ്റർ നീളമുള്ള പാലത്തിന്റെ വടക്കുഭാഗത്ത് പാലം സമീപ റോഡുമായി ചേരുന്ന ഭാഗത്തെ തൂണുകൾക്ക് കേടുപാട് സംഭവിച്ചിരിക്കുന്നതിനാൽ ഈ ഭാഗത്ത് റോഡ് താഴേയ്ക്ക് ഇടിഞ്ഞിരിക്കുകയാണ്. പാലമിറങ്ങുന്ന വാഹനങ്ങൾ ശക്തിയോടെയാണ് ഇവിടേക്ക് പതിക്കുന്നത്.പാലത്തിലെ കട്ടിംഗുകൾക്കിടയിലെ രണ്ടു കുഴികളിൽ അകപ്പെടാതിരിക്കാൻ വാഹനം വെട്ടിച്ചു മാറ്റുമ്പോൾ എതിരെ വരുന്ന വാഹനവുമായി കുട്ടിയിടിച്ചും അപകടമുണ്ടാകുന്നുണ്ട്.
അപകടം പതിയിരിക്കുന്നു
വൈക്കം തോട്ടുവക്കത്തുനിന്ന് തോട്ടകം ഗന്ധർവൻ ക്ഷേത്രം വരെയുള്ള രണ്ടേകാൽ കിലോമീറ്റർ റോഡിന്റെ പല ഭാഗത്തും ഇപ്പോൾ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വാഹന തിരക്കേറിയ ചേരും ചുവട് ജംഗ്ഷനിൽ വലിയ കുഴികളാണ് രൂപംകൊണ്ടിരിക്കുന്നത്. ഗതാഗത തിരക്കേറിയ ഈ ജംഗ്ഷനിൽ വാഹനഅപകടങ്ങളിൽ നിരവധി ജീവൻ പൊലിഞ്ഞിട്ടുണ്ട്.