 ഇന്ധന വില വര്‍ദ്ധന തിരിച്ചടി

കട്ടപ്പന: കൊവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ രണ്ടാം തരംഗവും ആഞ്ഞടിച്ചതോടെ സ്വകാര്യ ബസ് വ്യവസായം കട്ടപ്പുറത്തേയ്ക്ക്. ആദ്യ ലോക്ക്‌ ഡൗണിന് ശേഷം നഷ്ടത്തിലോടുന്നതിനിടെയാണ് രോഗവ്യാപനത്തെ തുടർന്ന് വീണ്ടും അടച്ചുപൂട്ടലുണ്ടായത്. ദൈനംദിന ചെലവുകൾക്ക് മറ്റ് തൊഴിൽ സ്വീകരിക്കേണ്ട ഗതികേടിലാണ് ബസുടമകളും ജീവനക്കാരും. കഴിഞ്ഞ ഒരു വർഷത്തിലധികമായി വാഹനങ്ങളുടെ വായ്പ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. ഇതോടെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ ജപ്തി ഭീഷണിയുമായി രംഗത്തെത്തി കഴിഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ പലിശ ഇളവെങ്കിലും പ്രഖ്യാപിക്കാതെ വ്യവസായം മുന്നോട്ടുപോകാത്ത സ്ഥിതിയാണ്.
ആഴ്ചകളായി ബസുകൾ നിറുത്തിയിട്ടിരിക്കുകയാണ്. ഇളവുകൾ പ്രഖ്യാപിച്ച് ബസുകൾ ഓടിത്തുടങ്ങുമ്പോൾ വൻതുകയുടെ അറ്റകുറ്റപ്പണി നടത്തേണ്ടിവരും. നിരവധി വാഹനങ്ങളുടെ ടയറുകളും ബാറ്ററികളും ഉപയോഗരഹിതമായി. കഴിഞ്ഞ ലോക്ക്‌ ഡൗണിന് ശേഷം ബസുകൾ ഓടിത്തുടങ്ങിയെങ്കിലും ഇന്ധനച്ചെലവിനുള്ള വരുമാനമാണ് ലഭിച്ചിരുന്നത്. ബാക്കിവരുന്ന പണം ജീവനക്കാർ വീതിച്ചെടുക്കുകയായിരുന്നു. ഇത്തവണയും സ്ഥിതിയിൽ വലിയ മാറ്റമുണ്ടാകില്ല. കൂടുതൽ ആളുകളും സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നതിനാൽ ബസുകളിൽ യാത്രക്കാർ കുറയും. ഇതിനിടെ ഇന്ധന വില കുത്തനെ ഉയർന്നതും പ്രതിസന്ധി രൂക്ഷമാക്കും. ഭൂരിഭാഗം ബസുകളും അറ്റകുറ്റപ്പണി നടത്താതെ നിരത്തിലിറക്കാനാകില്ല. വൻതുക വായ്പയെടുത്തും വസ്തു പണയപ്പെടുത്തിയുമൊക്കെയാണ് പലരും ബസുകൾ വാങ്ങിയത്. വായ്പത്തുക എങ്ങിനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ് ഉടമകൾ. സർക്കാരിന്റെ ഇടപെടൽ ഉണ്ടാകാതെ വ്യവസായം മുന്നോട്ടുപോകാത്ത സ്ഥിതിയാണ്.