വൈക്കം : കൊവിഡ് കാലത്ത് മാതൃകാപരമായി സേവനമനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പിന്തുണയുമായി സഹകരണസംഘം ജീവനക്കാർ. എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വൈക്കം, തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനുകൾക്ക് കീഴിലുള്ള കണ്ടെയ്ൻമെന്റ് സോണുകളിലും പ്രധാന കവലകളിലും സേവനമനുഷ്ഠിക്കുന്ന പൊലീസുകാർക്ക് കുടിവെള്ളവും ലഘു ഭക്ഷണവും വിതരണം ചെയ്തത്. യൂണിയൻ അംഗങ്ങളിൽ നിന്ന് തന്നെ പണം സമാഹരിച്ചാണ് ഇതിനുള്ള ചെലവ് കണ്ടെത്തിയത്. വാക്‌സിൻ മുൻഗണനയിൽ സഹകരണ ജീവനക്കാരെ അവഗണിച്ചതിലുള്ള പ്രതിഷേധം കൂടിയായാണ് ഇങ്ങനൊരു പരിപാടി സംഘടിപ്പിച്ചതെന്ന് കെ.സി.ഇ.സി നേതാക്കൾ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം വൈക്കം വലിയകവലയിൽ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.എൻ രമേശൻ നിർവഹിച്ചു.കെ.സി.ഇ.സി ജില്ലാ സെക്രട്ടറി ആർ.ബിജു, മണ്ഡലം സെക്രട്ടറി മനു സിദ്ധാർഥൻ നേതാക്കളായ എൻ.എസ് സുധീർ ,എം.കെ രഞ്ജിത്,ജെ.നാരായണൻ എന്നിവർ സംബന്ധിച്ചു.