കട്ടപ്പന: മറ്റൊരാളുടെ ഫോട്ടോ പതിച്ച് തന്റെ പേരിൽ തൊഴിൽ കാർഡ് ഉണ്ടാക്കിയ എൻ.ആർ.ഇ.ജി ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി നന്ദകുമാർ. സത്യപ്രതിജ്ഞ ചെയ്ത ദിവസവും തൊഴിലുറപ്പ് ജോലി ചെയ്തത് തന്റെ മനസറിവോടെയല്ല. പുരയിടത്തിൽ തൊഴിലുറപ്പ് ജോലി ചെയ്യുന്നതിന് വേണ്ടിയാണ് വർഷങ്ങൾക്കു മുമ്പ് തൊഴിൽ കാർഡ് സമ്പാദിച്ചത്. എന്നാൽ ഒരു ദിവസം പോലും തൊഴിലുറപ്പ് ജോലി ചെയ്യുകയോ രേഖകളിൽ ഒപ്പിടുകയോ ചെയ്തിട്ടില്ല. മഹിള പ്രധാൻ, എൽ.ഐ.സി. എന്നിവയുടെ ഏജൻസിയുണ്ട്. ഇതിന്റെയെല്ലാം കമ്മിഷൻ ഉൾപ്പടെയുള്ള പണം, മറ്റിടപാടുകൾ എന്നിവ ഇതേ ബാങ്ക് അക്കൗണ്ട് വഴിയാണ് നടക്കുന്നത്. തൊഴിലുറപ്പ് പണിയുടേതായി അക്കൗണ്ടിൽ വന്ന 2910 രൂപയുടെ വിവരം പ്രത്യേകമായി പരിശോധിച്ചിട്ടില്ലെന്നും മിനി പറഞ്ഞു. റോഡ് കോൺക്രീറ്റ് ഉൾപ്പടെയുള്ള മെറ്റീരിയൽ ജോലികളിൽ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് പരിജ്ഞാനം ഇല്ലാത്തതിനാലാണ് മറ്റുള്ളവരെ കൊണ്ട് പണിയെടുപ്പിക്കുന്നത് സ്വാഭാവികമാണെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.എൽ. ബാബു പറഞ്ഞു. ഇത്തരം സാങ്കേതിക പ്രശ്‌നങ്ങളാണ് അഴിമതിയായി യു.ഡി.എഫ് ആരോപിക്കുന്നത്. പഞ്ചായത്തിലെ യു.ഡി.എഫ്, ബി.ജെ.പി. അംഗങ്ങളുടെ വാർഡുകളിലും ഇത്തരത്തിൽ തൊഴിലുറപ്പ് പണി നടന്നിട്ടുണ്ടെന്നും എ.എൽ. ബാബു പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ സുമോദ് ജോസഫ്, കെ.ജെ. ജോസഫ്, നിഷാമോൾ ബിനോജ് എന്നിവരും പങ്കെടുത്തു.