പൊൻകുന്നം : കാലനുമുണ്ട് കാലദോഷം എന്നത് മലയാളിയുടെ ഒരു പ്രയോഗമാണ്. എന്നാൽ കാലന് മാത്രമല്ല കപ്പയ്ക്കുമുണ്ട് കാലദോഷം എന്നതാണ് ഇന്നത്തെ അനുഭവം. ഒരുകാലത്ത് പാവപ്പെട്ടവന്റെ പട്ടിണിമാറ്റാൻ കുറഞ്ഞവിലയ്ക്ക് കിട്ടിയിരുന്ന ഒരേ ഒരു ആഹാരമായിരുന്നു കപ്പ. പാവപ്പെട്ടവൻ രണ്ടുനേരവും മൂന്നുനേരവും കപ്പകൊണ്ട് വിശപ്പടക്കിയിരുന്ന കാലത്ത് പണക്കാർക്ക് ഈ കിഴങ്ങിനോട് പുച്ഛമായിരുന്നു. കേരളത്തിൽ റബർകൃഷി വ്യാപകമായതോടെ കപ്പത്തോട്ടങ്ങൾ കുറഞ്ഞു. കപ്പയുടെ ലഭ്യത കുറയുകയും വില വർദ്ധിക്കുകയും ചെയ്തു. അതോടെ ഈ കൊച്ചു കിഴങ്ങിന്റെ ശുക്രൻ തെളിഞ്ഞെന്ന് പറയാം. വില കൂടിയതോടെ കപ്പ പാവപ്പെട്ടവന് കിട്ടാക്കനിയായിമാറി. റബർ മുതലാളിമാർ ഷീറ്റുവിറ്റു കിട്ടുന്ന കാശുകൊണ്ട് കപ്പവാങ്ങാൻ തുടങ്ങി.അങ്ങനെ പണക്കാരന്റെ തീൻമേശയിലെ വിശിഷ്ടവിഭവമായി കപ്പ മാറി .
കള്ളുഷാപ്പുകളിൽ മാത്രമല്ല ഹോട്ടലുകളിലും ബാറുകളിലും കപ്പയും മീനും വി.ഐ.പി ഭക്ഷണമായി. അങ്ങനെ കപ്പ അല്പം അഹങ്കാരത്തോട കഴിയുന്ന കാലത്താണ് കൊവിഡ് എന്ന മഹാമാരിയുടെ വരവ്. കഴിഞ്ഞവർഷത്തെ ലോക്ക് ഡൗൺകാലത്ത് എല്ലാവരും വീട്ടിലിരുന്നപ്പോൾ പ്രധാന ആഹാരം കപ്പയും ചക്കയുമായിരുന്നു. അന്ന് വീടുകളിൽ വേറെ പണിയൊന്നുമില്ലാതിരുന്ന ഗൃഹനാഥന്മാർ പറമ്പിലേക്കിറങ്ങി കപ്പ നട്ടു. ഈ വർഷം ലോക്ക് ഡൗൺ വീണ്ടുമെത്തിയപ്പോൾ എല്ലാ വീടുകളിലും കപ്പകൃഷിയുള്ളത് കൊണ്ട് കപ്പ ആരും വാങ്ങാതായി. ഏക്കർ കണക്കിന് കപ്പ കൃഷിചെയ്ത കർഷകരുടെ സകല പ്രതീക്ഷകളും തകർന്നു. 20 രൂപ വില പ്രതീക്ഷിച്ച സ്ഥാനത്ത് ഇപ്പോൾ കിട്ടുന്നത് വെറും ഏഴുരൂപ. എന്നിട്ടും ആവശ്യക്കാരില്ലാതായി.

ചതിച്ചത് പെരുമഴ
കാലവർഷത്തിനുമുമ്പ് അപ്രതീക്ഷിതമായെത്തിയ പെരുമഴയാണ് കപ്പകർഷകരെ ചതിച്ചത്. കപ്പ വാട്ടി ഉണക്കുന്ന സമയത്താണ് കാലംതെറ്റി മഴയെത്തിയത്. അതുകൊണ്ട് വാട്ടാനും ഉണക്കാനും കഴിഞ്ഞില്ല. കാലവർഷത്തിന് മുമ്പേ വിളവെടുത്തില്ലെങ്കിൽ കിഴങ്ങിനു കേടാണ്. ആർക്കും വേണ്ടാതായതോടെ കപ്പ വെറുതെ കൊടുക്കുകയാണ് കർഷകർ. പഞ്ചായത്തും സന്നദ്ധസംഘടനകളും കർഷകരിൽ നിന്ന് സംഭാവനയായി സ്വീകരിക്കുന്ന കപ്പ കിറ്റുകളായി വീടുകളിൽ എത്തിക്കുകയാണ്.