dcc

കോട്ടയം: എ ഗ്രൂപ്പിന്റെ തട്ടകമായ കോട്ടയത്ത് ഡി.സി.സി പ്രസിഡന്റാകാൻ അരഡസനിലേറെ നേതാക്കളുടെ കൂട്ടയിടി. ഉമ്മൻചാണ്ടി തീരുമാനിക്കുന്ന ആൾക്ക് ഡി.സി.സി പ്രസിഡന്റ് സ്ഥാനമെന്നതാണ് കോട്ടയത്തെ നാട്ടുനടപ്പ്. എന്നാൽ ഉമ്മൻചാണ്ടി മനസു തുറക്കുന്നുമില്ല.

ജനസഖ്യയിൽ ഹൈന്ദവരാണ് കോട്ടയത്ത് മുന്നിലെങ്കിലും ക്രൈസ്തവ വിഭാഗത്തിന് ഏതാണ്ട് സംവരണം ചെയ്തതാണ് കോട്ടയം ഡി.സി.സി പ്രസിഡന്റ് സ്ഥാനം. കുറച്ചു മാസങ്ങൾ എം.പി.ഗോവിന്ദൻ നായർ ഈ പദവി വഹിച്ചു എന്നുമാത്രം. ക്രൈസ്തവരിൽ തന്നെ കത്തോലിക്കാ വിഭാഗത്തിനായിരുന്നു മുൻതൂക്കം. ഉമ്മൻചാണ്ടിക്ക് ഏറെ താത്പര്യമുള്ള മുൻ പ്രസിഡന്റ് കുര്യൻ ജോയി ഒഴിച്ചുള്ളവരുടെ ലിസ്റ്റ് ഇതാണ് തെളിയിക്കുന്നതും.

ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സ്വാധീനം മറികടന്ന് ഗ്രൂപ്പുകൾക്കതീതമായി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത സാഹചര്യത്തിൽ ഗ്രൂപ്പ് സമവാക്യം കോട്ടയം ഡി.സി.സി പ്രസിഡന്റിന്റെ കാര്യത്തിൽ മാറുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. പ്രത്യേകിച്ച് കെ.സുധാകരൻ കെ.പി.സി.സി പ്രസിഡന്റായാൽ. എന്നാൽ ഉമ്മൻചാണ്ടിയുടെ പിടി ഇപ്പോഴും അയയാത്ത കോട്ടയത്ത് അതിനുള്ള സാദ്ധ്യതയില്ല. ഉമ്മൻചാണ്ടിയുമായി അടുപ്പം പുലർത്തുന്ന നേതാക്കളെല്ലാം ഡി.സി.സി പ്രസിഡന്റ് സ്ഥാനം സ്വപ്നം കാണുന്നത് ഇതിനാലാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം, പുതുപ്പള്ളി സീറ്റ് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത് . രണ്ടിടത്തും ഭൂരിപക്ഷം കുറഞ്ഞു. വൈക്കത്ത് കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ വൻ ഭൂരിപക്ഷമാണ് ഇടതു സ്ഥാനാർത്ഥി നേടിയത്.കടുത്തുരുത്തിയിൽ മോൻസ് ജോസഫിന്റെ ഭൂരിപക്ഷത്തിലും വലിയ ഇടിവുണ്ടായി. യു.ഡി.എഫിന്റെ ആധികാരിക വിജയമെന്നു പറയാവുന്നത് ഇടതു മുന്നണി വിട്ട് പുതിയ പാർട്ടിയുണ്ടാക്കി പാലായിൽ ജോസ് കെ. മാണിയെ വലിയ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച മാണി സി. കാപ്പന്റെതുമാത്രമാണ്. താഴെ തട്ടിൽ കാര്യമായ പ്രവർത്തനം കോൺഗ്രസിൽ ഇല്ലാതായി. നേതാക്കളുടെ ന്യൂനപക്ഷ പ്രീണനത്താൽ പിന്നാക്ക വിഭാഗക്കാരുടേതുൾപ്പെടെ അടിസ്ഥാന വോട്ടുകൾ ഇടതു ചേരിയിലേക്ക് മാസുകയും ചെയ്തു.

 പദവിയിൽ കണ്ണും നട്ട് ഇവർ

ഫിൽസൺ മാത്യൂസ്

യൂജിൻ തോമസ്

ഫിലിപ്പ് ജോസഫ്

സിബി ചേനപ്പാടി

ജോസി സെബാസ്റ്റ്യൻ

കുഞ്ഞ് ഇല്ലമ്പള്ളി

ജോസി അഗസ്റ്റിൻ

ജോമോൻ ഐക്കര

ബിജു പുന്നത്താനം

 കോട്ടയത്ത് ഗ്രൂപ്പ് സമവാക്യം മാറാനിടയില്ല

 പ്രസിഡന്റാവുക ഉമ്മൻചാണ്ടിയുടെ നോമിനി

 ക്രൈസ്തവ വിഭാഗക്കാർക്കു മാത്രം പ്രതീക്ഷ