rd

കോട്ടയം: ചെളി നിറഞ്ഞ ഒറ്റയടിപ്പത. ഒപ്പം കാടും.... കഴിഞ്ഞ 15 വർഷമായി ചെളിയും കാടും നിറഞ്ഞ ഈ ദുരിതപ്പാതയിലൂടെയാണ് വടക്കേവടക്കംമുട്ടം നിവാസികളുടെ യാത്ര. കോട്ടയം നഗരസഭ 43 വാർഡിലെ തുറമുഖം റോഡിൽ മുട്ടത്താണ് ചെളി നിറഞ്ഞ ഒറ്റയടിപ്പാത. വടക്കേവടക്കംമുട്ടം പാടശേഖരത്തിലേയ്ക്കും സമീപത്തെ വീടുകളിലേയ്ക്കും എത്തിച്ചേരണമെങ്കിൽ ചെളിയും കാടും നിറഞ്ഞ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെയുള്ള താത്ക്കാലിക പാതയിലൂടെ വേണം കടന്നുപോകാൻ. റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കാൻ അധികൃതരുടെ ഉത്തരവ് ഉണ്ടായിട്ടും നാളിതുവരെ നടപടിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. തുറമുഖം നിർമ്മാണത്തിന്റെ ഭാഗമായി മുൻപുണ്ടായിരുന്ന റോഡ് അടച്ചുകെട്ടുകയും പകരം പുതിയതായി റോഡ് കോൺക്രീറ്റ് ചെയ്ത് നൽകുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെ നടപ്പാത ആരംഭിച്ചത്. തുറമുഖത്തിന് മറുവശത്ത് കൊടൂരാറിന്റെ അരികിലെ കെട്ടിലൂടെ പാത ഉണ്ടായിരുന്നെങ്കിലും ഇവിടവും സഞ്ചാരയോഗ്യമല്ല. പാടശേഖരത്തിനു സമീപത്തായി കുട്ടികളും പ്രായമായവരും ഉൾപ്പെടുന്ന അഞ്ച് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവിടെ നിന്നും അരകിലോമീറ്ററോളം വെള്ളത്തിലൂടെ നടന്നാൽ മാത്രമേ റോഡിലേയ്ക്ക് എത്തൂ.

150 കുടുംബങ്ങൾ

രാത്രികാലങ്ങളിൽ യാത്ര ചെയ്യാനാണ് ഏറെ ദുരിതം. വഴിവിളക്കില്ല, ഒപ്പം ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്.മുമ്പ് പ്രദേശവാസിയുടെ ആടിനെ പാമ്പ് പിടിച്ച സംഭവും ഉണ്ടായിട്ടുണ്ട്. കുടിവെള്ളത്തിനും ബുദ്ധിമുട്ടാണ്. തരിശുപാടത്തെ മലിനജലം വെള്ളപ്പൊക്ക സമയങ്ങളിൽ വീടുകളിൽ വന്നു നിറയുന്നു. കിണർ കുഴിയ്ക്കാൻ സാധിക്കാത്തതിനാൽ പ്രദേശവാസികൾ വെള്ളം വില കൊടുത്ത് വാങ്ങുകയാണ്.150 ഓളം കുടുംബങ്ങളാണ് പ്രദേശത്ത് ദുരിതം അനുഭവിക്കുന്നത്. പോർട്ടിനു സമീപം മുൻപ് ഉണ്ടായിരുന്ന റോഡ് പുനർനിർമ്മിച്ച് കോൺക്രീറ്റ് ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, നാട്ടകം സുരേഷ് തുടങ്ങിയവർ സ്ഥലത്തെത്തി സന്ദർശിച്ചു.