school

മുണ്ടക്കയം: പതിറ്റാണ്ടുകള്‍ പഴക്കമുളള പെരുവന്താനം ടി.ആര്‍. ആന്റ് ടി. എസ്റ്റേറ്റിലെ മാട്ടുപ്പെട്ടി എല്‍. പി. സ്‌കൂള്‍ കൊവിഡ് കഴിഞ്ഞാലും ഇനി തുറക്കില്ല. ആകെ ഉണ്ടായിരുന്ന അദ്ധ്യാപിക കൂടി വിരമിച്ചതോടെ പഠിപ്പിക്കാന്‍ ആളില്ലാതായി. ഇത് മുൻകൂട്ടിക്കണ്ട് ശേഷിച്ച 14 കുട്ടികളും ടി.സി.വാങ്ങി പോയി. എഴുപതു വര്‍ഷം ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരം പകര്‍ന്നു നല്‍കിയ ഈ സ്കൂളിന് അങ്ങിനെ പൂട്ടുവീണു.

1951ലാണ് എസ്റ്റേറ്റിലെ ജോലിക്കാരുടെ കുട്ടികള്‍ക്കായി ഈ സ്‌കൂള്‍ തുറന്നത്. പിന്നീട് പരിസരപ്രദേശങ്ങളിലെ കുട്ടികളും ഇവിടെ പഠിക്കാനെത്തി. എയ്ഡഡ് സ്കൂളാക്കിയതോടെ നൂറുകണക്കിനു വിദ്യാര്‍ത്ഥികളും ആവശ്യത്തിന് അദ്ധ്യാപകരുമായി അതു വളർന്നു. എന്നാൽ പിൽക്കാലത്ത് കൂടുതല്‍ സൗകര്യങ്ങളോടെ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ പരിസരങ്ങളിൽ വന്നതോടെ ക്രമേണ ഇവിടെ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയാൻ തുടങ്ങി. സ്ഥിരം അദ്ധ്യാപകർ ഇല്ലാതായാതോടെ ഏഴു വര്‍ഷം മുൻപ് രണ്ട് പേരെ ദിവസ വേതനത്തിനു നിയമിച്ചിരുന്നു. എന്നാൽ സ്ഥിര നിയമനമെന്ന വ്യാജേന ലക്ഷങ്ങൾ വാങ്ങിയായിരുന്നു നിയമനം. എന്നാൽ ഇത് സർക്കാർ അംഗീകരിക്കാഞ്ഞതിനാൽ ഇവർക്ക് ഒരു രൂപ പോലും ശമ്പളം നല്‍കാന്‍ സര്‍ക്കാർ തയ്യാറായില്ല. പ്രധാന അദ്ധ്യാപികയുടെ ശമ്പളത്തിന്റെ പങ്കു നൽകി കുറേക്കാലം അദ്ധ്യാപികമാരെ പിടിച്ചു നിർത്തി. നിരവധി പരാതികൾ നല്‍കിയിട്ടും ശമ്പളമോ, കൊടുത്ത തുകയോ കിട്ടാതായതോടെ അവർ ഇട്ടിട്ടുപോയി. അതിനുശേഷം പ്രധാന അദ്ധ്യാപിക മീറ്റിംഗുകൾക്കും മറ്റും പോകുമ്പോൾ പാചക തൊഴിലാളിയാണ് സ്‌കൂള്‍ നോക്കിയിരുന്നത്.

പ്രധാന അദ്ധ്യാപികമാത്രമായിരുന്നെങ്കിലും കഴിഞ്ഞ വർഷം തുടക്കത്തിൽ 29 കുട്ടികൾ ഉണ്ടായിരുന്നു. മേയ് 30 ന് ഇവർ വിരമിക്കുന്നു എന്ന് മുൻകൂട്ടി അറിഞ്ഞതോടെ ശേഷിച്ച കുട്ടികളെക്കൂടി രക്ഷിതാക്കൾ ടി.സി.വാങ്ങി മറ്റു സ്‌കൂളുകളിൽ ചേർത്തു.


' ഇതുവരെ സ്‌കൂള്‍ പൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം എത്തിയിട്ടില്ല. ചുമതല പീരുമേട് എ.ഇ.ഒ ഓഫീസ് ഏറ്റെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതതിനാല്‍ മറ്റു സംവിധാനങ്ങളൊന്നും ചെയ്തിട്ടില്ല'

- പി.സി.ഷീല , എ.ഇ.ഒ ഓഫീസ് സൂപ്രണ്ട്