മുണ്ടക്കയം : ലോക്ക് ഡൗണിൽ വിവിധ മേഖലകൾക്ക് ഇളവ് ലഭിച്ചതോടെ പൊതുജനം കൂട്ടത്തോടെ വാഹനങ്ങളുമായി നിരത്തിലിറങ്ങി. ഇതോടെ മുണ്ടക്കയം ടൗണും ഗതാഗതക്കുരുക്കിലായി. രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ടനിരയാണ് ദൃശ്യമായത്. സ്വകാര്യ വാഹനങ്ങളും, ടാക്സികളുമാണ് ആളുകൾ കൂടുതലായി ആശ്രയിച്ചത്. പാതയോരങ്ങളിലും വഴിവക്കുകളിലുമെല്ലാം അനാവശ്യമായി ആളുകൾ നിരത്തിലിറങ്ങി. പൊലീസ് പരിശോധന കർശനമായിരുന്നെങ്കിലും സർക്കാർ നൽകിയിരിക്കുന്ന ഇളവുകളോടെ പേരിലാണ് ഒട്ടുമിക്ക ആളുകളും പുറത്തിറങ്ങിയത്. ഉച്ചയ്ക്ക് കുരുക്ക് രൂക്ഷമായതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹനത്തിൽ അനൗൺസ്‌മെന്റ് നടത്തി. വ്യക്തമായ സത്യാവാങ്മൂലം ഇല്ലാത്ത നിരവധിപ്പേർക്കെതിരെയാണ് ഇന്നലെ കേസെടുത്തത്. കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ് കണ്ടതോടെയാണ് പഞ്ചായത്ത് അധികം നിയന്ത്രണം നീക്കിയത്. തിരക്ക് കൂടിയാൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.