കട്ടപ്പന: ഏലത്തോട്ടത്തിനുള്ളിലെ വീട് കേന്ദ്രീകരിച്ച് വ്യാജമദ്യം തയാറാക്കിവന്ന 2 പേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സുവർണഗിരി പൊയ്കയിൽ രാജു തോമസ്, മുരിക്കാട്ടുകുടി പൊയ്കയിൽ ടോമി തോമസ് എന്നിവരാണ് പിടിയിലായത്. തോട്ടത്തിലെ വീട്ടിൽ നിന്ന് 20 ലിറ്റർ വ്യാജമദ്യവും 750 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പൊലീസ് എത്തിയതറിഞ്ഞ് ഇവർക്കൊപ്പമുണ്ടായിരുന്ന ഇരുപ്പക്കൽ രാജേഷ് ഓടി രക്ഷപ്പെട്ടു. രഹസ്യവിവരത്തെ തുടർന്നാണ് ഇന്നലെ പരിശോധന നടത്തിയത്. രാജേഷ് പാട്ടത്തിനെടുത്ത സ്ഥലത്ത് ഏലംകൃഷി നടത്തിവരികയായിരുന്നു. തോട്ടത്തിനുള്ളിലെ വീട് കേന്ദ്രീകരിച്ച് 2 സെറ്റ് വാറ്റുപകരണങ്ങൾ ഉപയോഗിച്ചാണ് വ്യാജമദ്യം തയാറാക്കിവന്നത്. രാജുവിനെ മുറിക്കുള്ളിലെ കട്ടിനടിയിൽ നിന്നാണ് പിടികൂടിയത്. 6 ബാരലുകളിലായി കോടയും 3 കന്നാസുകളിലായി വ്യാജമദ്യം മുറിക്കുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 2 ചാക്ക് ശർക്കരയും കണ്ടെടുത്തു. കട്ടപ്പന സി.ഐ. ബി. ജയന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺദേവ്, ടി.എ. ഡേവിസ്, ജോസ് വർക്കി, സി.പി.ഒമാരായ എസ്.ആർ. ശ്രീകല, എബിൻ ജോസ്, എൻ.ആർ. രഞ്ജിത്ത്, കെ.ടി. സന്തോഷ്, ബാബുരാജ്, ലിജോ മണി എന്നിവരാണ് പരിശോധന നടത്തിയത്.