കുമരകം : കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാൻ പൊതുശ്മശാനം കിട്ടാതെ വന്നതോടെ പള്ളി സെമിത്തേരിയിൽ കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്കാരം നടത്തി. കഴിഞ്ഞ ദിവസം മരിച്ച മുട്ടത്തുവാക്കൽ ഏജൻസീസ് ഉടമയായ ജേക്കബ് മാത്യുവിന്റെ (തമ്പാച്ചൻ- 59) സംസ്കാരമാണ് ഇന്നലെ രാവിലെ 10.30 ന് കുമരകം സെന്റെ ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ നടത്തിയത്. കുമരകം പഞ്ചായത്തിൽ ആദ്യമായാണ് ഒരു ക്രൈസ്തവ ദേവാലയത്തിന്റെ സെമിത്തേരിയിൽ അഗ്നിക്കിരയാക്കിയതിനു ശേഷം സംസ്കാരം നടത്തുന്നത്. പൊതുശ്മശാനത്തിൽ ദഹിപ്പിച്ചതിനു ശേഷം ഭൗതിക അവശിഷ്ടം പെട്ടിയിലാക്കി പള്ളിയിൽ എത്തിച്ചായിരുന്നു കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം മുൻപ് നടത്തിയിരുനത്. വികാരി ഫാ.അജീഷ് ജെ പുന്നൻ ,സഹവികാരി ഫാ. മനോജ് സ്കറിയ വാളം പറമ്പിൽ എന്നിവർ നേതൃത്വം നൽകി.