കുമരകം : കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വാക്സിനേഷൻ വിതരണം ഇന്ന് മുതൽ കുമരകം ആറ്റാമംഗലം പള്ളി പാരീഷ് ഹാളിലേക്ക് മാറ്റി. സ്ഥലസൗകര്യങ്ങൾ അപര്യാപ്തമായ കുമരകം സി.എച്ച്.സി യിൽ നിന്ന് വാക്സിനേഷൻ വിതരണം മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകൾ കൂട്ടം കൂടുന്നത് പതിവായിരുന്നു. ആശുപത്രി റോഡിലെ ഗതാഗതക്കുരുക്കും പ്രധാന പ്രശ്നമായിരുന്നു. കേരളകൗമുദി കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പാരീഷ് ഹാളിലെ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുന്നവർക്ക് സാമൂഹ്യഅകലം പാലിച്ച് ഇരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണമുറി അടക്കമുള്ള അനുബന്ധ സൗകര്യങ്ങളുമുണ്ട്.