അടിമാലി: ആദിവാസി മേഖലകൾ ഉൾപ്പെടുന്ന മാങ്കുളം പഞ്ചായത്ത് പരിധിയിൽ മൊബൈൽ കവറേജും ഇന്റർനെറ്റ് സംവിധാനവും കൂടുതൽ കാര്യക്ഷമമാക്കണമെന്നാവശ്യം.വനാതിർത്തിയോട് ചേർന്ന മാങ്കുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ ഏതാനും ചില ഭാഗങ്ങൾ ഒഴിച്ചാൽ മറ്റൊരിടത്തും പര്യാപ്തമാംവിധം റെയിഞ്ചോ ഇന്റർനെറ്റോ ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.ഇന്റർനെറ്റ് സൗകര്യത്തിന്റെ അപര്യാപ്തത കുട്ടികളുടെ ഓൺലൈൻ പഠനത്തേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.നഴ്‌സിംഗ് വിദ്യാർത്ഥികൾ അടക്കം പോയവർഷം കൃത്യമായി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാവാതെ കുഴങ്ങിയിരുന്നു.സ്വകാര്യ മൊബൈൽനെറ്റ് വർക്ക് കമ്പനികളുടെയും ബിഎസ്എൻഎല്ലിന്റെയും സേവനം മാങ്കുളത്ത് ലഭിക്കുന്നുണ്ടെങ്കിലും പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കോൾ ചെയ്യാൻ പോലുമുള്ള സിഗ്‌നൽ ലഭിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.മൊബൈൽ റെയിഞ്ചിന്റെ കുറവ് പ്രദേശവാസികളുടെ ഓൺലൈൻ ഇടപാടുകൾ ബുദ്ധിമുട്ടിലാക്കുന്നു.ആദിവാസി മേഖലകളിലേതക്കടക്കം മതിയായ മൊബൈൽ കവറേജ് ലഭിക്കുവാൻ ബന്ധപ്പെട്ടവരുടെ ഇടപെടലെന്ന ആവശ്യം പ്രദേശവാസികൾ മുമ്പോട്ട് വയ്ക്കുകയാണ്.