പാലാ : ഓൺലൈൻ പഠനോപകരണങ്ങൾ ഇല്ലാതെ കഷ്ടപ്പെടുന്ന വിദ്യാർത്ഥികളെ സഹായിക്കാനായി മാണി സി കാപ്പൻ എം.എൽ.എ 'ഷെയർ ചലഞ്ച്' പദ്ധതി നടപ്പാക്കുന്നു. വീടുകളിൽ ചെറിയ തകരാറുകൾമൂലം മാറ്റിവച്ചിട്ടുള്ള ലാപ്‌ടോപ്പ്, ടാബ്, സ്മാർട്ട് ഫോൺ തുടങ്ങിയവ എം.എൽ.എ ഓഫീസിൽ എത്തിച്ചാൽ തകരാർ പരിഹരിച്ച് അർഹരായവർക്ക് കൈമാറുമെന്ന് കാപ്പൻ പറഞ്ഞു. പഠനോപകരണങ്ങൾ ആവശ്യമുള്ളവർ എം.എൽ.എ ഹെൽപ്പ്‌ലൈൻ വാട്‌സ് ആപ്പ് നമ്പർ വഴി രജിസ്റ്റർ ചെയ്താൽ മുൻഗണനാക്രമമനുസരിച്ച് ആവശ്യക്കാർക്ക് ലഭ്യമാക്കും. മരുന്നുകൾ, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയവയും ഷെയർ ചലഞ്ചിന്റെ ഭാഗമായി അർഹതപ്പെട്ടവർക്ക് ലഭ്യമാക്കും. വ്യക്തികൾക്കോ സംഘടനകൾക്കോ പുതിയ പഠനോപകരണങ്ങൾ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് നേരിട്ട് ലഭ്യമാക്കുന്നമെന്നുണ്ടെങ്കിൽ അർഹരായവരെ കണ്ടെത്തി കൈമാറാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമായി 8606905201 (വാട്‌സ് ആപ്പ്), 8606908280 എന്നീ നമ്പരുകൾ ലഭ്യമാക്കിയിട്ടുണ്ട്.