val

രാവണന്റെ ആത്മപ്രശംസയും അഹങ്കാരം നിറഞ്ഞ വാക്കുകളും സീതാദേവിയിൽ വെറുപ്പും കോപവുമാണ് സൃഷ്‌ടിച്ചത്. ആവുംവിധം താൻ ഭീഷണിപ്പെടുത്തിയിട്ടും കൂസലില്ലാതെ ഭയലേശമന്യേ നിൽക്കുന്ന സീതയോട് കടുത്ത അരിശം തോന്നി രാവണന്. കൈകൾ കൂട്ടിത്തിരുമ്മി ക്രമേണ ശരീരം വലുതാക്കിക്കൊണ്ട് നിന്ദ കലർന്ന ആക്ഷേപം തുടങ്ങി: നീ ഒരു ഭ്രാന്തിയാണെന്ന് തോന്നുന്നു. എന്റെ വീരപരാക്രമങ്ങൾ ഇത്ര വിശദമായി പറഞ്ഞിട്ടും നിനക്ക് ബോദ്ധ്യമായില്ല. ആലംബമില്ലാത്ത ആകാശത്തുനിന്നുകൊണ്ടുതന്നെ ഈ ഭൂമിയെ എനിക്കുയർത്താൻ കഴിയും. കടൽ മുഴുവൻ കുടിച്ചുവറ്റിക്കാനും സാധിക്കും. യുദ്ധത്തിന് വന്നാൽ കാലന്റെ കഥ കൂടി കഴിക്കും. അസ്ത്രജാലങ്ങളാൽ ഭൂമിയെ പിളർക്കാനും അധികസമയം വേണ്ട. സഞ്ചാരിയായ സൂര്യനെ ഞാൻ നിശ്ചലനാക്കും. നിനക്ക് എല്ലാം കൊണ്ടും അനുരൂപനും കാമരൂപിയുമായ ഭർത്താവാണ് ഞാൻ. നീ കണ്ണുകൾ തുറന്ന് നോക്കുക.

അഹങ്കാരം തലയ്‌ക്ക് പിടിച്ച രാവണന്റെ കണ്ണുകൾ കനലുകൾ പോലെ ജ്വലിച്ചു. സൗമ്യമായ രൂപവും ഭാവവും വെടിഞ്ഞ് ഭീമാകാരനായി. കറുകറുത്ത ശരീരം, തീഗോളങ്ങൾ പോലുള്ള നേത്രങ്ങൾ, പത്തുതല, ഇരുപത് കൈകൾ, രത്നം പതിച്ച സ്വർണാഭരണങ്ങൾ, ആർക്കും ഭയം തോന്നുന്ന രൂപം ധരിച്ച രാവണൻ സീതയെ കോപത്തോടെ നോക്കിക്കൊണ്ട് ഇപ്രകാരം തുടർന്നു: ത്രിലോകത്തിലും സുന്ദരിയായവളേ, നിന്റെ മുന്നിൽ നിൽക്കുന്നത് മൂന്നുലോകത്തിലും കീർത്തിമാനായ രാവണരാജാവാണ്. ത്രിലോകപരാക്രമിയായ ഒരുവനെ ഭർത്താവായിലഭിക്കാൻ നീ ആഗ്രഹിക്കുന്ന പക്ഷം എന്നെ സ്വീകരിക്കുക. വാക്കുകൾ കൊണ്ട് എന്റെ മഹത്വം ആർക്കും വർണിക്കാനാകില്ല.നിനക്ക് അനിഷ്‌‌ടമായതൊന്നും ഒരിക്കലും ഞാൻ ചെയ്യില്ല. രാമാനാരാണ്? ഒരു സാധാരണ മനുഷ്യൻ. രാജ്യം തന്നെ നഷ്ടമായി ഒരു ഭിക്ഷുവിനെ പോലെ അലഞ്ഞു നടക്കുന്നു. അല്‌പായുസല്ലേ അവൻ. അവനിലുള്ള സ്നേഹം എന്നെ അണിയിച്ചാലും. ഏതോ ഒരു സ്വബോധമില്ലാത്ത സ്ത്രീയുടെ വാക്ക്കേട്ട് സ്വന്തം രാജ്യത്തെയും ബന്ധുക്കളെയും ഉപേക്ഷിച്ച് തെങ്ങിത്തിരിഞ്ഞു നടക്കുന്നവനിൽ നീയിത്രയും സ്നേഹശാലിയാകേണ്ട കാര്യമില്ല. ദുർബുദ്ധിയും ദുർബലനുമായ രാമൻ കടുവാക്കൂട്ടം വിഹരിക്കുന്ന കാട്ടിലാണ് കഴിയുന്നതെന്നും ഓർക്കണം.

കാമാന്ധനായി രാവണൻ ദുഷ്‌ടവാക്കുകൾ ഇപ്രകാരം തുടർന്നു. അതുകൊണ്ട് ഫലമില്ലെന്ന് കണ്ട് കാലദോഷം ഗ്രസിച്ച രാവണൻ സീതയെ ഗ്രഹിക്കുവാനായി സമീപിച്ചു. ഭീമാകാരമായി വള‌ന്നുകഴിഞ്ഞ ആ രാക്ഷസരാജൻ. വന്മലപോലെയുള്ള ശരീരം ചന്ദ്രക്കലപോലുള്ള പല്ലുകൾ, നീണ്ടകൈകൾ, അറപ്പും വെറുപ്പും തോന്നുന്ന ഈ ശീരം കണ്ട് വനദേവതകൾ ഭയന്നുവിറച്ചു. ഈ സമയം മായാമയമായ ഒരുതേര് അവിടെ പ്രത്യക്ഷമായി. സുവർണചക്രങ്ങളോടുകൂടിയ ആരഥത്തിൽ സീതയെ മടിയിൽവച്ച് രാവണൻ ഉയർന്നുതുടങ്ങി. സീതാദേവിയാകട്ടെ ദുഃഖപരവശയായി രാമാലോകാഭിരാമാ എന്നിങ്ങനെ ഉച്ചത്തിൽ വിലപിക്കാൻ തുടങ്ങി. അപ്പോഴും തന്നോട് ഒട്ടും മമതയില്ലാതെ സീത അസഹ്യതയോടെ കിടന്നുരുളുകയാണ്. ദേവിയെ കാമമോഹിതനായി എടുത്തുകൊണ്ട് ആകാശത്തിലൂടെ രാവണൻ യാത്ര തുടങ്ങി. ദീനം ദീനം സീതലക്ഷ്‌മണനെ വിളിച്ചുകരഞ്ഞു: പ്രിയ ലക്ഷ്‌മണാ,സദാ ജ്യേഷ്‌ഠന് കാവലായവനേ രാക്ഷസാധമനായ രാവണൻ ഇതാ എന്നെ അപഹരിച്ചു കൊണ്ടുപോകുന്നു. ധർമ്മാചരണത്തിനുവേണ്ടി ജീവിതവും സകല ഐശ്വര്യങ്ങളും ഉപേക്ഷിച്ച ശ്രീരാമാ അധർമ്മിയായ രാവണൻ എന്നെ ബലാൽ അപഹരിച്ചു കൊണ്ടുപോകുന്നു. പരന്തപനായ അങ്ങ് ദുഷ്‌ടനിഗ്രഹം വ്രതമാക്കിയ മഹാത്മാവല്ലേ? ഇവനെ ശിക്ഷിക്കാൻ വൈകുന്നത് എന്തുകൊണ്ട്?

കായ്‌കനികൾ പക്വമാകാൻ കാലം കൂടി കനിയണമല്ലോ. ദുഷ്‌ടകർമ്മങ്ങൾക്കും അതേ പോലെയാകുമോ ഗതി. കൊടും ദുഷ്‌ടത കാട്ടിയ രാവണാ നിന്റെ അന്ത്യം ശ്രീരാമനാൽ വന്നുചേരും. രാമപത്നിയെ ഇങ്ങനെ രാക്ഷസൻ അപഹരിച്ചുവെന്നറിഞ്ഞാൽ ഒരുപക്ഷേ കൈകേയി മാത്രമായിരിക്കും ദുഃഖിക്കാത്തത്.

ഭയപ്പാടോടെ നാലുപാടും നോക്കിക്കൊണ്ട് സീത വിഷാദസ്വരത്തിൽ ഇപ്രകാരം അപേക്ഷിച്ചു: പൂത്തുനിൽക്കുന്ന കൊന്ന മരങ്ങളേ, നിങ്ങൾ രഘുവംശരത്നമായ രാമനോട് പറയൂ രാവണൻ സീതയെ അപഹരിച്ചുവെന്ന്, അല്ലയോ പ്രിയപ്പെട്ട ഗോദാവരി ഞാനിതാ പ്രണമിക്കുന്നു. രാവണൻ സീതയെ അപഹരിച്ച വൃത്താന്തം എത്രയും വേഗം അറിയിച്ചാലും. വനദേവതമാരേ നിങ്ങളെ ഞാനിതാ നമസ്‌കരിക്കുന്നു. രാവണൻ സീതയെ കട്ടു എന്ന് മാമരരൂപങ്ങളിൽ വിളങ്ങുന്ന നിങ്ങൾ അറിയിച്ചാലും. സർവജന്തുക്കളും പക്ഷിമൃഗാദികളും രാമപത്നിയായ സീതയെ രാവണൻ അപഹരിച്ച വിവരം അറിയിക്കട്ടെ. പരാക്രമിയായ രാമൻ ഏതുവിധേനയും ഏതു ലോകത്തിൽ നിന്നായാലും എന്നെ വീണ്ടെടുക്കും എന്ന് തീർച്ചയാണ്. പ്രതീക്ഷയോടെ സീത താഴേക്ക് നോക്കി. പർണശാലയ്‌ക്കു സമീപമുള്ള മാമരത്തിന് മുകളിൽ ഗാഢനിദ്ര‌യിലാണ്ട പക്ഷി ശ്രേഷ്‌ഠൻ ജഡായുവിനെകണ്ടു. ഗദ്ഗദാക്ഷരത്തിൽ സീത ആ പക്ഷിരാജനെ ധ്യാനിച്ച് പ്രാർത്ഥിച്ചു. പ്രിയപ്പെട്ട ജഡായു ദുഷ്‌ടനായ രാവണൻ എന്നെ അനാഥയെപ്പോലെ കൊണ്ടുപോകുകയാണ്. ബലിഷ്‌ഠനായ ഇവനെ തടുക്കാൻ അങ്ങയ്‌ക്ക് കഴിഞ്ഞെന്നുവരില്ല. അതിനാൽ ഈ വൃത്താന്തം ശ്രീരാമനോട് ലക്ഷ്‌മണനോടും എത്രയും വേഗം അറിയിക്കണേ! ഉള്ളുരുകിയുള്ള സീതയുടെ പ്രാർത്ഥന അന്തരീക്ഷമാകെ നിറഞ്ഞു.

(ഫോൺ: 9946108220)