eee

വീടുകൾ തോറും നടന്ന് ഒരു കമ്പനിയുടെ സാധനങ്ങൾ വിൽക്കുകയായിരുന്നു ആ കൗമാരക്കാരൻ. അവന് ജീവിതച്ചെലവിന് മറ്റ് വരുമാനം ഒന്നും ഉണ്ടായിരുന്നില്ല. അവശരും ദരിദ്രരുമായ മാതാപിതാക്കളും അവന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാ് ജീവൻ നിലനിർത്തിയിരുന്നത്.

ഒരുദിവസം പകൽ മുഴുവനും നടന്നിട്ടും അവന് കാര്യമായി ഒന്നും വിൽക്കാൻ കഴിഞ്ഞില്ല. ഉച്ചകഴിഞ്ഞപ്പോഴേക്കും വിശപ്പും ദാഹവും കൊണ്ട് അവൻ തളർന്നു. ഭക്ഷണം കഴിക്കാനായി കൈയിൽ ഉള്ള കാശ് തികയുകയില്ല. പൊതുടാപ്പിൽ നിന്ന് പച്ചവെള്ളം കുടിച്ച് ഒരു കണക്കിന് ദാഹമകറ്റി. പക്ഷേ കുറേ നടന്നപ്പോൾ വിശപ്പും ദാഹവും കൊണ്ട് ഒരടിപോലും മുന്നോട്ട് വയ്ക്കാൻ കഴിയാത്ത അവസ്ഥയായി. ഇരുന്നവാങ്ങി ഭക്ഷണം കഴിക്കാൻ അവന്റെ ദുരഭിമാനം സമ്മതിച്ചില്ല.

പക്ഷേ തളർന്നുവീഴുമെന്നായപ്പോൾ അടുത്തുകണ്ട വീട്ടിൽകയറി എന്തെങ്കിലും ഭക്ഷണം ചോദിക്കാം എന്നവൻ തീരുമാനിച്ചു. അവൻ ആ വീടിന്റെ കതകിൽ മുട്ടി. സുന്ദരിയായ ഒരു യുവതി വന്നു കതക് തുറന്നു. അവരെ കണ്ടപ്പോൾ അവന്റെ ആത്മവിശ്വാസം വീണ്ടും പോയി. ഭക്ഷണം ചോദിക്കുന്നത് മോശമാണെന്ന് അവന്റെ ഉള്ളിൽ തോന്നലുണ്ടായി. അതുകൊണ്ട് ആഹാരത്തിന് പകരം അവൻ ചോദിച്ചത് അല്പം വെള്ളം തരാമോ എന്നാണ്.

കൗമാരക്കാരനായ ആ കുട്ടി വിശന്നുതളർന്നാണ് വന്നിരിക്കുന്നതെന്ന് ആ യുവതിയ്ക്ക് മനസിലായി. അതുകൊണ്ട് അവർ വെറും വെള്ളത്തിനുപകരം വലിയ ഒരു കപ്പിൽ കൊഴുത്തപാലാണ് അവന് കൊടുത്തത്. വെള്ളം ചോദിച്ചപ്പോൾ പാലു കിട്ടിയതിൽ അവന് സന്തോഷമായി. അവൻ മെല്ലെ അത് കുടിച്ചു. എന്നിട്ടു ചോദിച്ചു: ''എത്രയാണ് ഈ പാലിന്റെ വില?""

'' അതിന് വിലയില്ല മോനേ! അമ്മ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത് ദയാപൂർവ്വം നൽകുന്ന ഒന്നിനും വില വാങ്ങരുതെന്നാണ്. നിനക്ക് ഇപ്പോൾ നല്ല വിശപ്പുണ്ടെന്നറിഞ്ഞ് ഞആൻ സ്വമേധയാ നൽകിയതാണ് ഈ പാൽ. അതിന് വിലയില്ല.""

'' അങ്ങനെയെങ്കിൽ ഹൃദയത്തിന്റെ ഉള്ളിൽ നിന്നുള്ള നന്ദി ഞാൻ അറിയിക്കുകയാണ്. ഈ സഹായം ഞാൻ എന്റെ ജീവനുള്ളിടത്തോളം മറക്കില്ല. നന്ദി.""

അവൻ ആ പാലുകുടിച്ച് കൂടുതൽ ഊർജ്ജസ്വലനായി. വിശപ്പും ദാഹവുമൊക്കെ പോയി. തന്നെയുമല്ല, ദൈവത്തിലുള്ള അവന്റെ വിശ്വാസം കൂടുതൽ ബലപ്പെടുകയും ചെയ്തു. എന്തും ഉപേക്ഷിക്കാനും മറ്റുള്ളവർക്ക് നൽകുവാനുമുള്ള ഒരു മനോഭാവം അവനിൽ അങ്ങനെ രൂപപ്പെട്ടു.

വർഷങ്ങൾ പലതുകഴിഞ്ഞു. നേരത്തെ പാൽ കൊടുത്ത യുവതി ഇന്ന് വൃദ്ധയായിരിക്കുന്നു. അവർക്ക് അസാധാരണമായ ഒരു രോഗം പിടിപെട്ടു. നാട്ടിലെ വിദഗ്ദ്ധരായ പല ‌‌ഡോക്ടർമാർ ചികിത്സിച്ചിട്ടും അത് ഭേദമായില്ല. അങ്ങനെ നഗരത്തിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് അവരെ റഫർ ചെയ്തു. അപൂർവ രോഗങ്ങൾ ചികിത്സിക്കാനുള്ള ആശുപത്രിയായിരുന്നു അത്. ഡോ. ഹോവാർഡ് കെല്ലി എന്ന അതിപ്രശസ്തനായ ഡോക്ടർ ആഴ്ചയിൽ ഒരിക്കൽ ആ ആശുപത്രിയിൽ കൺസൾട്ടേഷനുവേണ്ടി വരാറുണ്ട്.

ഡോ. ഹോവാർഡ് കെല്ലിയ്ക്കായിരുന്നു നമ്മുടെ വൃദ്ധയായ രോഗിയ പരിശോധിക്കേണ്ട ചുമതല. രോഗിയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ രോഗിയുടെ നാടിന്റെ പേര് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. മെഡിക്കൽ റെക്കോർഡ്സ് ഓഫീസിൽ നിന്ന് രോഗിയുടെ മേൽവിലാസവും മറ്റ് വിവരങ്ങളും തിരക്കി അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ ഒരു പ്രത്യേക പ്രകാശം ഉണ്ടായി.

രോഗി കിടക്കുന്ന മുറിയിലേക്ക് അദ്ദേഹം ഓടി എത്തി. ഡോക്ടറുടെ യൂണിഫോമിൽ എത്തിയ അദ്ദേഹത്തെ ആ വന്ദ്യവയോധികയ്ക്ക് മനസിലായതേ ഇല്ല. പക്ഷേ ‌ഡോക്ടർക്ക് മനസിലായി. തന്റെ ദാഹവും വിശപ്പും തീർക്കാൻ കനിവോടെ പാൽ നൽകിയ മഹതിയാണിത്. അദ്ദേഹം ആരോടും ഇക്കാര്യം വെളിപ്പെടുത്തിയില്ല. പക്ഷേ ഈ രോഗിക്ക് അദ്ദേഹം പ്രത്യേക ശ്രദ്ധയോടെ പരിചരണം നൽകി. ആഴ്ചകളോളം ആ പഞ്ചനക്ഷത്ര ആശുപത്രിയിൽ അവർക്ക് കഴിയേണ്ടിവന്നു. ഏറ്റവും നൂതനമായ പല പരിശോധനകളും നടത്തി. ഒടുവിൽ രോഗം കണ്ടുപിടിക്കാനും രോഗിയെ സുഖപ്പെടുത്താനും ആ ഡോക്ടർക്ക് കഴിഞ്ഞു.

അങ്ങനെ ‌ഡിസ്ചാർജ്ജ് ദിനമായി. അക്കൗണ്ട്സ് വിഭാഗത്തിലേക്ക് വിളിച്ച അദ്ദേഹം പറഞ്ഞു.

'' ആ രോഗിയുടെ ബില്ലുകൾ എന്റെ ഓഫീസിലേക്ക് കൊടുത്തയച്ചോളൂ.""

അദ്ദേഹത്തിന്റെ ഓഫീസിലെത്തിച്ച ബില്ലിന്റെ താഴെ ഇങ്ങനെ എഴുതി.

'' ഒരു ഗ്ലാസ് പാലിന്റെ വിലയ്ക്ക് സമാനമാണ് ഈ ബില്ല് ഇത് ഞാൻ അടച്ചുകൊള്ളാം.""

വയോധികയായ രോഗിയുടെ കൈയിലേക്ക് ആ ബിൽ ഫയൽ അടച്ച് അദ്ദേഹം കൊടുത്തു. അവർ പേടിച്ചു പേടിച്ചാണ് അത് തുറന്നത്. ശിഷ്ടജീവിതം മുഴുവൻ പട്ടിണിയിൽ കഴിയേണ്ട വിധത്തിൽ ഭാരിച്ച ബില്ലായിരിക്കും ഈ പഞ്ചനക്ഷത്ര ആശുപത്രിയുടേതെന്ന് അവർ ഭയപ്പെട്ടു. പക്ഷേ ബിൽ തുറന്നു നോക്കിയപ്പോൾ ‌ഡോക്ടർ എഴുതിയിരിക്കുന്നത് കണ്ട് അവരുടെ കണ്ണ് നിറഞ്ഞുപോയി. വർഷങ്ങൾക്ക് മുമ്പ് നൽകിയ ഒരു ഗ്ലാസ് പാലിന്റെ മഹത്വം വർഷങ്ങൾക്ക് ശേഷം താൻ മനസിലാക്കുകയാണ്. അവർ നന്ദിപൂർവം ഡോക്ടറുടെ കൈകളിൽ പിടിച്ചു. ഹൃദയം സന്തോഷം കൊണ്ട് വികസിച്ചു. കണ്ണിൽ നിന്നും ആനന്ദാശ്രുക്കൾ പൊഴിഞ്ഞു. നിഷ്കാർമ്മകർമ്മത്തിന്റെ ഫലം ഇങ്ങനെയൊക്കെയേ ആയിരിക്കൂ എന്ന് അവരുടെ ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ടായിരുന്നു.

അതെ! കൊടുക്കുന്നതൊക്കെ തിരിച്ചുകിട്ടാനുള്ളതാണ് എന്ന് എപ്പോഴും ഓർമ്മിച്ചേ തീരൂ!