ഏതു വേനലിലും തണുപ്പിന്റെ പുതപ്പ് ചൂടിയാണ് തുഷാരഗിരിയുടെ കിടപ്പ്. ഇവിടത്തെ വെള്ളച്ചാട്ടമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്, ഒന്നല്ല നാലാണ് വെള്ളച്ചാട്ടങ്ങൾ. സാഹസികത ഇഷ്‌ടപ്പെടുന്നവർക്കായി ട്രെക്കിംഗ് പാതയുമുണ്ട്.
മനോഹര വെള്ളച്ചാട്ടങ്ങളും, പച്ചപുതച്ച മലയോരക്കാഴ്‌ചകളും കണ്ട് കൊച്ചരുവികൾക്ക് കുറുകേ നിർമ്മിച്ച മരപ്പാലങ്ങൾ താണ്ടി വയനാട്ടിലേക്ക് കുന്നുകയറാൻ ആഗ്രഹിക്കുന്ന ആർക്കും ഈ ട്രെക്കിംഗ് പാത തിരഞ്ഞെടുക്കാം.
ഈരാറ്റുമുക്ക്, മഴവിൽ വെള്ളച്ചാട്ടം, തുമ്പി തുള്ളും പാറ, തേൻപാറ എന്നിങ്ങിനെ നാല് വെള്ളച്ചാട്ടങ്ങളാണ് തുഷാരിഗരിയിലുള്ളത്. തേൻപാറയ്‌ക്കാണ് ഏറ്റവും കൂടുതൽ ഉയരം. 240 അടി ഉയരത്തിൽ നിന്നാണ് തേൻപാറയിൽ നിന്നും കാട്ടരുവി താഴേക്ക് പതിക്കുന്നത്. തേൻപോലെ ശുദ്ധവും മധുരവുമാണ് ഇവിടത്തെ വെള്ളമെന്നാണ് പറയപ്പെടുന്നത്. ഇത് രണ്ടു കൈവഴിയായി വന്ന് ഈരാറ്റുമുക്കിൽ സംഗമിക്കും. മഴവിൽ വെള്ളച്ചാട്ടത്തിലേക്ക് 500 മീറ്റർ ദൂരം മാത്രമാണുള്ളത്. വള്ളിപ്പടർപ്പുകൾക്കും കാട്ടുചോലകൾക്കും ഇടയിലൂടെയാണ് വേണം ഇവിടേക്ക് പോകാൻ. അവിടെ നിന്നും ഒരു കിലോമീറ്ററോളം കുത്തനെ കയറ്റം കയറിയാൽ തുമ്പി തുള്ളും പാറയിലേക്കുമെത്താം. വെള്ളച്ചാട്ടം പോലെ മറ്റൊരു ആകർഷണമാണ് 120 വർഷം പഴക്കമുള്ള താന്നിമരം. മരത്തിന്റെ ചുവട്ടിലായി വലിയൊരു പൊത്തുണ്ട്. അതിൽ ഒരേസമയം മൂന്ന് പേർക്ക് കയറിയിരിക്കാം.
എത്തിച്ചേരാൻ
കോഴിക്കോട് നഗരത്തിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ് തുഷാരഗിരി. കോഴിക്കോട് ഊട്ടി റോഡിലൂടെ യാത്ര ചെയ്ത് കോടഞ്ചേരിയിലെത്തിയാൽ ഇവിടെ നിന്ന് 11 കിലോമീറ്റർ ദൂരം.