ee

ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന പഴങ്ങളിലൊന്നാണ് പേരയ്‌ക്ക. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. പേരയ്‌ക്ക കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്നതിനാൽ ശരീരഭാരം കുറയ്‌ക്കാൻ അനുയോജ്യമാണിത്. ഡയറ്റ് ചെയ്യുന്നവർക്ക് ദിവസവും രണ്ടോ മൂന്നോ പേരയ്‌ക്ക കഴിക്കാം. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്ന വിറ്റമിൻ സിയുടെ കലവറയാണിത്. നേരിയ ചുവപ്പു കലർന്ന പേരയ്‌ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. സാലഡായും ജ്യൂസായും കഴിക്കാവുന്നതാണ്. പുരുഷൻമാരിലെ പ്രോസ്റ്റേറ്റ് കാൻസർ, സ്‌തനാർബുദം, സ്‌കിൻ കാൻസർ, വായിലുണ്ടാകുന്ന കാൻസറുകൾ എന്നിവ തടയാൻ പേരയ്‌ക്ക കഴിക്കാമെന്നും ചില പഠനങ്ങൾ പറയുന്നു.

കാഴ്‌ചശക്തിക്ക്

കണ്ണിന്റെ ആരോഗ്യത്തിനായി കണ്ണുമടച്ച് പേരയ്‌ക്ക കഴിക്കാം. കാരണം കാഴ്‌ചശക്തി വർദ്ധിക്കാൻ സഹായിക്കുന്ന വൈറ്റമിൻ എയാൽ സമ്പുഷ്‌ടമാണ് പേരയ്‌ക്ക. വൈറ്റമിൻ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാനും ഉത്തമമാണ്. പ്രായാധിക്യം മൂലമുള്ള കാഴ്‌ചക്കുറവ് പരിഹരിക്കാൻ പതിവായി പേരക്കാ ജ്യൂസ് കുടിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പേരയ്‌ക്ക സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ പേരയില കൊണ്ടുള്ള ചായ കുടിക്കാവുന്നതാണ്. പേരയിലയിൽ ആന്റി മൈക്രോബിയൽ ഘടകങ്ങൾ കൂടുതലായതുകൊണ്ട് വയറിളക്കത്തിന് കാരണമായേക്കാവുന്ന ദോഷകരമായ ബാക്‌ടീരിയകളെ നശിപ്പിക്കാൻ കഴിയും.

അകറ്റാം വൃക്കയിലെ കല്ല്

പേരയ്‌ക്കയിലെ വിറ്റാമിൻ സി ശരീരത്തിൽ അമിതമായി എത്തുന്ന കാത്സ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇത് വൃക്കയിൽ കല്ലുണ്ടാകുന്നതിനുള്ള സാദ്ധ്യത കുറയ്‌ക്കുന്നു. പേരയ്‌ക്ക ഉപയോഗിച്ച് ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് കഴിയും. ആന്റി ഓക്‌സിഡന്റുകളും ആന്റി ഏജിംഗ് ഘടകങ്ങളുമുള്ള പേരയ്‌ക്ക ചുളിവുകൾ തടയാൻ സഹായിക്കുന്നു. മറ്റു വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിദ്ധ്യം ചർമ്മത്തിന് ശരിയായ പോഷണം നൽകും.

പേരയില സൂപ്പർ

പല്ല് വേദന, മോണ രോഗങ്ങൾ, വായ് നാറ്റം എന്നിവ അകറ്റാൻ പേരയില സഹായിക്കും. ഇതിന് ഒന്നോ രണ്ടോ തളിരില വായിലിട്ടു ചവച്ചാൽ മതി. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്‌ക്കാനും ഉണക്കിപ്പൊടിച്ച പേരയിലയിട്ട വെള്ളം കുടിക്കാം. മുഖത്തെ കറുത്ത പാടുകൾ മാറാൻ പേരയില അരച്ച് പാടുകളുള്ള ഭാഗങ്ങളിൽ പുരട്ടാവുന്നതാണ്. പാടുകൾ മാറുന്നതുവരെ എല്ലാദിവസവും ഇത് ആവർത്തിക്കണം. പേരയിലകൾ കുറച്ച് വെളളം ചേർത്ത് അരച്ചെടുക്കുക. ഇത് സ്‌ക്രബായി ഉപയോഗിച്ചാൽ ബ്ളാക്ക് ഹെഡ്സ് അകറ്റാം. ആർത്തവ കാലത്തെ വയറുവേദന അകറ്റാനും ഗർഭാശയ വിടവുകൾ ഒഴിവാക്കാനും പേരയിലകൾക്ക് സാധിക്കുമത്രെ.

പേര വളർത്തുമ്പോൾ

എല്ലാത്തരം മണ്ണിലും വളരുമെങ്കിലും വരണ്ട കാലാവസ്ഥയും നീർവാർച്ചയുള്ള മണ്ണുമാണ് കൂടുതൽ നല്ലതാണ്. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്ത് പേര കൃഷി ചെയ്യരുതെന്ന് ഓർക്കണം. പേരക്കുരു ഒരു ദിവസം വെള്ളത്തിൽ ഇട്ട ശേഷം മുളപ്പിച്ചാൽ പെട്ടെന്ന് മുളയ്‌ക്കും. വിത്ത് മുളച്ചുണ്ടാകുന്ന തൈകൾക്ക് മാതൃസസ്യത്തിന്റെ ഗുണങ്ങൾ കിട്ടാറില്ല എന്നതാണ് വാസ്‌തവം.