അടുക്കളയിൽ ചില സൂത്രങ്ങളുണ്ട്. അവ മറന്നു പോകാതെ ഉപയോഗിച്ചാൽ ഭക്ഷണം ഉണ്ടാക്കുന്നവർക്ക് പണി എളുപ്പമാകും. സമയവും അദ്ധ്വാനവും ലാഭിക്കാം...
കറിയിൽ ഉപ്പ് കൂടിയാൽ
കറിയിൽ ഉപ്പു കൂടിയാൽ ഒരു കരിക്കട്ട കഴുകി വൃത്തിയാക്കി അതിലിടുക. ഇത് ഉപ്പു മുഴുവൻ വലിച്ചെടുക്കും.
കറിയിൽ ഏതാനും ഉരുളക്കിഴങ്ങു കഷണങ്ങളോ ചോറ് കിഴികെട്ടിയതോ ഗോതമ്പു മാവ് രണ്ടോ മൂന്നോ ചെറിയ ഉരുളകളാക്കിയതോ കറിയിൽ ചേർത്തതിന് ശേഷം കറി തിളപ്പിക്കുക. വിളമ്പുന്നതിനു മുമ്പ് ഈ കഷണങ്ങൾ മാറ്റുക.
മീൻ മുറിക്കുന്നതിന് മുമ്പ്
ഉണക്കമീൻ കഴുകുന്ന വെള്ളത്തിൽ കുറച്ചു പേപ്പർ ഇടുകയാണെങ്കിൽ അധികം ഉള്ള ഉപ്പ് പേപ്പർ വലിച്ചെടുക്കും.
മസാല പുരട്ടിയ മീനിന്റെ മുകളിൽ മുട്ട പതച്ചത് നേർമ്മയായി പുരട്ടി വറുക്കുകയാണെങ്കിൽ മീൻ പൊടിഞ്ഞു പോകുകയില്ല. നാരങ്ങയുടെ തൊലികൊണ്ടു തുടച്ചാൽ മീൻ മുറിച്ച കത്തികളിലും വിരലുകളിലും നിന്ന് മീനിന്റെ മണം മാറിക്കിട്ടും. മീൻ മുറിച്ചതിനു ശേഷം കൈയിലെ ദുർഗന്ധം പോകാൻ കുറച്ചു ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കൈ കഴുകിയാൽ മതിയാകും. മീൻ വറുക്കുമ്പോൾ എണ്ണ പതഞ്ഞു പൊങ്ങുകയാണെങ്കിൽ ഒരു ചെറിയ കഷണം പുളി എണ്ണയിൽ ഇടുക.
ഇറച്ചി വേവിക്കുന്നതിന് മുമ്പ്
ഇറച്ചി, മീൻ എന്നിവയിൽ അൽപം നാരങ്ങാനീര് പുരട്ടി വച്ചാൽ മസാല വേഗം പിടിച്ചു കിട്ടും. ഇറച്ചിക്കറി വയ്ക്കുമ്പോൾ ചെറിയ കഷണം പപ്പായ തൊലി ചെത്തി കറിയിൽ ചേർത്താൽ കഷണങ്ങൾക്ക് നല്ല മൃദുത്വം കിട്ടും. ഏത് ഇറച്ചിയിലും പപ്പായ ചേർക്കാം. ഇറച്ചി പാചകം ചെയ്യുമ്പോൾ പകുതി വേവായ ശേഷം ഉപ്പു ചേർക്കുക. ഇറച്ചി കൂടുതൽ മൃദുവാകും.
ഇറച്ചി വറുക്കുമ്പോൾ കൊഴുപ്പ് പൊട്ടിത്തെറിക്കാതിരിക്കാൻ ചീനച്ചട്ടിയിൽ അൽപ്പം ഉപ്പ് തളിച്ചതിനു ശേഷം മാത്രം ഇറച്ചി വറുത്തെടുക്കുക.
മുട്ടയിൽ ഓർക്കേണ്ടത്
പുഴുങ്ങിയ മുട്ട മുറിക്കുന്നതിനു മുമ്പ് തിളച്ച വെള്ളത്തിൽ കത്തി മുക്കിയിട്ട് മുറിച്ചാൽ മുട്ട പൊടിയുകയില്ല.
മുട്ട പുഴുങ്ങുമ്പോൾ പൊട്ടിപ്പോകാതിരിക്കാൻ വെള്ളത്തിൽ അൽപം ഉപ്പോ വിനാഗിരിയോ ചേർത്താൽ മതി.
ഉള്ളിയോ സവാളയോ അരിയുമ്പോൾ കണ്ണുകളിൽ നിന്ന് വെള്ളം വരാതിരിക്കാൻ, തോല് പൊളിക്കുന്നതിനു മുൻപ് അഞ്ചു മിനിറ്റ് ഫ്രിഡ്‌ജിൽ വയ്ക്കുക. അതിനു ശേഷം എടുത്തു തൊലി പൊളിച്ചതിനു ശേഷം സവാള രണ്ടായി മുറിച്ചിട്ട് തണുത്ത വെള്ളത്തിൽ അല്ലെങ്കിൽ ഐസ് വെള്ളത്തിൽ മുക്കി വയ്‌ക്കുക.
പച്ചക്കറികളിൽ ശ്രദ്ധിക്കാൻ
ചീര വേരോടു കൂടി സൂക്ഷിക്കേണ്ടി വരുമ്പോൾ, വേര് വെള്ളത്തിൽ താഴ്‌ത്തി വയ്‌ക്കുകയാണെങ്കിൽ പെട്ടെന്ന് വാടില്ല.
വെണ്ടയ്‌ക്ക വറുക്കുമ്പോൾ വഴുവഴുപ്പ് ഉണ്ടാകാതിരിക്കാൻ വറുക്കുന്ന സമയത്ത് ഒരു ടേബിൾ സ്‌പൂൺ തൈരോ, മോരോ ചേർത്താൽ മതി. പച്ചക്കറികളിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള കീടനാശിനികൾ നീക്കം ചെയ്യാൻ, ഉപയോഗിക്കുന്നതിനു മുൻപ് പച്ചക്കറികൾ ഉപ്പും മഞ്ഞളും ചേർത്ത വെള്ളത്തിൽ കുറച്ചു നേരം ഇട്ടു വയ്‌ക്കുക.
കാരറ്റും, ബീറ്റ്റൂട്ടും വാടിപ്പോയെങ്കിൽ അൽപം ഉപ്പുവെള്ളത്തിൽ അര മണിക്കൂർ ഇട്ടുവച്ച ശേഷം എടുത്താൽ മതി.