ഉറക്കം ഒരു അനുഗ്രഹമാണ്, ആഗ്രഹിച്ചാൽ അതു ലഭിക്കണമെന്നില്ല. നല്ല ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. അവ ഏതാണെന്ന് നോക്കാം. എന്നും രാത്രി ഉറങ്ങുന്നതിന് ഒരു പ്രത്യേക സമയം നീക്കി വയ്ക്കുക. പത്തുമണി എന്നതാണ് നല്ല കണക്ക്. എപ്പോഴും ഒരേ സമയത്തു തന്നെ ഉറങ്ങാൻ ശീലിച്ചോളൂ. കുറച്ച് ദിവസം അത് പരീക്ഷിക്കുമ്പോൾ ബാക്കിയുള്ള ദിവസങ്ങളിൽ ഈ സമയമാകമ്പോൾ ഉറക്കം താനേ വന്നുകൊള്ളും.
* ഉറങ്ങാൻ കിടക്കുന്ന മുറിയ്ക്കും സുഖനിദ്ര പ്രദാനം ചെയ്യുന്നതിൽ പങ്കുണ്ട്. കിടക്കുന്നതിന് മുമ്പായി കിടക്ക വൃത്തിയാക്കണം. മാത്രവുമല്ല, ബെഡ്‌റൂമിലെ ലൈറ്റും ഓഫ് ചെയ്യണം. വെളിച്ചം വേണമെന്നുള്ളവർക്ക് അടഞ്ഞ വെളിച്ചം ഉപയോഗിക്കാം. കൂടുതൽവെളിച്ചം ഉറക്കത്തെ തടസപ്പെടുത്തും. കിടക്കുന്നതിന് മുമ്പ് ടിവി, കംപ്യൂട്ടർ തുടങ്ങിയ ഓഫ് ചെയ്തു വയ്ക്കുക. അല്ലാത്തപക്ഷം ഉറക്കത്തിൽ ഇവയെ കുറിച്ചാകും ശ്രദ്ധ. അത് ഇടയ്ക്കിടെ ഉണരുന്നതിന് കാരണമാകുകയും ചെയ്യും. ഉറങ്ങാൻ കിടന്നാൽ പിന്നെ വായനയും വേണ്ട. ആ സമയം കൃത്യമായും ഉറക്കത്തിന് വേണ്ടി തന്നെ മാറ്റി വയ്ക്കണം.
*ഉറക്കത്തിന് മുമ്പ് കഴിക്കുന്ന ഭക്ഷണത്തിലും കാര്യമുണ്ട്. വയറ് നിറയെ വാരി വലിച്ച് കഴിച്ചാൽ അന്നത്തെ ഉറക്കം നഷ്ടപ്പെടും എന്ന് ഓർത്തോളൂ. അതുപോലെ തന്നെ ഭക്ഷണത്തിന്റെ അളവും പ്രധാനമാണ്. രാത്രിയിൽ എളുപ്പം ദഹിക്കുന്ന ആഹാരം മിതമായ അളവിൽ കഴിക്കുവാൻ ശ്രദ്ധിക്കണം. ചായ, കാപ്പി തുടങ്ങിയവ ഉറങ്ങുന്നതിനു മുമ്പ് ഒഴിവാക്കണം. മദ്യപിക്കുന്നത് നല്ല ഉറക്കത്തെ സഹായിക്കുമെന്ന മിഥ്യാധാരണ പലർക്കുമുണ്ട്. ഇത് ശരിയല്ല. ഉറക്കം വരുത്തുമെന്നേയുള്ളൂ, പക്ഷേ, ആരോഗ്യകരമായ ഉറക്കം മദ്യം കഴിക്കുന്നവർക്ക് ഉണ്ടാകില്ല.
*രാവിലെ മുഴുവൻ ചുറുചുറുക്കോടെ ജോലികൾ ചെയ്തുതീർക്കുന്നവർക്ക് രാത്രിയിൽ നല്ല ഉറക്കം ലഭിക്കും. വ്യായാമവും ഉറക്കത്തെ സഹായിക്കുന്ന ഘടകമാണ്. ദിവസവും അല്പനേരം വ്യായാമത്തിന് വേണ്ടി മാറ്റി വച്ചു നോക്കൂ. നിങ്ങൾക്ക് രാത്രിയിൽ നല്ല ഉറക്കം ലഭിക്കും. മെഡിറ്റേഷൻ,യോഗ തുടങ്ങിയവയും ഉറക്കത്തിന് നല്ലതാണ്.