
വീണ്ടും ഒരു കൊവിഡ് കാലത്താണിപ്പോൾ നമ്മൾ. സ്‌കൂളിൽ പോലും പോകാതെയുള്ള അവരുടെ ജീവിതം വല്ലാത്ത അസ്വസ്ഥതയിലായിരിക്കും ഇപ്പോൾ. കുട്ടികൾക്ക് ഇത്തരം ഉത്കണ്‌ഠയണ്ടോയെന്ന് സംസാരത്തിനിടെയുള്ള അവരുടെ ശരീരഭാഷ, ശ്വസിക്കുന്നതിലെ ആയാസം, സംസാര രീതി തുടങ്ങിയവയിലൂടെ മനസിലാക്കാൻ ശ്രമിക്കുക. അവർ പറയുന്നത് പൂർണമായും ശ്രദ്ധിക്കുന്നതിലൂടെ നിങ്ങൾ അവരെ കേൾക്കുന്നുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുക. ആശങ്കയോ പേടിയോ തോന്നിയാൽ എപ്പോൾ വേണമെങ്കിലും അത് തങ്ങളോടോ അദ്ധ്യാപകരോടോ പങ്കുവയ്‌ക്കാമെന്ന് കുട്ടികളോട് പറയുക. അവർക്ക് പേടി പങ്കുവയ്‌ക്കുമ്പോൾ നിങ്ങൾ കൂടെയുണ്ടെന്ന് അവരെ ഓർമ്മിപ്പിക്കുക. കൊറോണയിൽ നിന്നും മറ്റ് അസുഖങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന ആരോഗ്യകരമായ ശുചിത്വ, ശ്വസന ശീലങ്ങൾക്ക് ഊന്നൽ നൽകി സംസാരിക്കുക. ഇടയ്‌ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകാൻ കുട്ടികളെ പ്രേരിപ്പിക്കുക. തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും മുഖം മറയ്‌ക്കുവാൻ പരിശീലിപ്പിക്കുക. രോഗലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത് ഇടപഴകുന്നത് ആരോഗ്യകരമല്ലെന്നും പനിയോ ചുമയോ ശ്വസിക്കാൻ ബുദ്ധിമട്ടോ അനുഭവപ്പെടുകയാണെങ്കിൽ ഒട്ടും താമസിക്കാതെ മാതാപിതാക്കളെ അറിയിക്കണമെന്നും അവരോട് ആവശ്യപ്പെടുക. ഇനി, കുട്ടിയ്‌ക്ക് രോഗബാധയുണ്ടായാൽ അവർ വീട്ടിലോ ആശുപത്രിയിലോ കഴിയുന്നതാണ് അവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും നല്ലതെന്ന് മനസിലാക്കിക്കൊടുക്കുക.