fruits

പഴങ്ങളും പച്ചക്കറികളും ഒരിക്കലും ഒരുമിച്ച് സൂക്ഷിക്കരുത്. കാരണം പല പഴങ്ങളും എഥിലിൻ എന്ന വാതകം ഉത്പാദിപ്പിക്കുന്നു. ഈ വാതകം പച്ചക്കറികൾ വേഗം പഴുക്കുന്നതിന് കാരണാകും. അതപോലെ തന്നെ പുതുമ നിലനിർത്തണമെങ്കിൽ മിക്ക പച്ചക്കറികളും വായു കടക്കുന്ന വിധത്തിൽ വേണം സൂക്ഷിക്കേണ്ടത്.സവാള വായുസഞ്ചാരം നടക്കുന്ന വിധത്തിൽ സാധാരണ മുറിയുടെ ഊഷ്‌മാവിൽ വയ്‌ക്കുന്നതാണ് നല്ലത്. സവാളയും വെളുത്തുള്ളിയും അടുത്ത് വയ്‌ക്കുന്നത് കൊണ്ട് കുഴപ്പമില്ല, എന്നാൽ സവാളയും ഉരുളക്കിഴങ്ങും ഒരുമിച്ചു വയ്‌ക്കരുത്. സവാള ഫ്രിഡ്‌ജിൽ വയ്‌ക്കുകയാണെങ്കിൽ തണുത്ത താപനിലയിൽ പഞ്ഞിപോലെയായിത്തീരും. അതുപോലെ, വളരെ സൂര്യപ്രകാശമുള്ളയിടത്തും വയ്‌ക്കാതിരിക്കുകയാണ് നല്ലത്.

പച്ച തക്കാളി ഫ്രിഡ്‌ജിനു പുറത്തും (സാധരണ മുറിയുടെ താപനിലയിൽ സൂക്ഷിക്കാം), പഴുത്ത തക്കാളി ഫ്രിഡ്‌ജിലും സൂക്ഷിക്കേണ്ടതാണ്. തക്കാളിയുടെ തണ്ടിന്റെ ഭാഗം ഞെരിഞ്ഞമരാതെ വേണം വയ്‌ക്കാൻ. തണ്ടു മുറിഞ്ഞ് തക്കാളിയുടെ ചാറു പുറത്തു വരികയാണെങ്കിൽ അത് പിന്നെ വേഗം ഫംഗസ് ബാധിക്കുകയും കേടാകുകയും ചെയ്യും. ഉരുളക്കിഴങ്ങ് ഒറ്റയ്‌ക്ക് ഒരു ഇരുണ്ട, തണുത്ത മൂലയിൽ വയ്‌ക്കുന്നതാണ് നല്ലത്. പലപ്പോഴും ഉരുളക്കിഴങ്ങ് സവാളയുടെയോ ആപ്പിളിന്റെയോ അടുത്ത് വയ്‌ക്കുമ്പോൾ പെട്ടെന്ന് മുള വരുന്നതായി കണ്ടിട്ടുണ്ടാകും. ഇതിനു കാരണം സവാള, ആപ്പിൾ എന്നിവയിൽ നിന്നുണ്ടാകുന്ന എഥിലിൻ വാതകമാണ്. അതിനാൽ സവാള, ഉള്ളി എന്നിവയുടെ കൂടെ സൂക്ഷിക്കാതിരിക്കാൻ നോക്കുക.