ee

പാണ്ടിമേളത്തിന് സാക്ഷ്യം വഹിക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകർ ഓരോരുത്തരായി അനുഭവിക്കുന്ന നിർവൃതിയുടെ ആകെത്തുക ഞാൻ ആ മേളപ്പെരുക്കത്തിൽ ഒറ്റയ്‌ക്ക് അനുഭവിച്ചറിയുന്നു. ഒരു പൂരം കഴിഞ്ഞാൽ, അടുത്ത പൂരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കും. അടുത്ത വർഷത്തെ പൂരം വരെയും ഈ വർഷത്തെ ആ രണ്ടരമണിക്കൂർ നേരത്തെ പരമാനന്ദം ജീവനോടെ നിലനിൽക്കും. അത്രക്കു ഹരം കൊള്ളിക്കുന്നതാണ് ആ അനുഭൂതി.

പല ക്ഷേത്രങ്ങളിലുമായി ഒരുവർഷം ശരാശരി മുന്നൂറ് പ്രാമാണിത്വം വരെ വഹിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇലഞ്ഞിത്തറയിലെ അമരക്കാരൻ എന്നതാണ് ഓരോ വർഷത്തെയും പരമോന്നത പദവി. കൊവിഡ് കൊണ്ടുപോയ കഴിഞ്ഞ വർഷം മാത്രമാണ് അതിനൊരു വിഘ്‌നം വന്നത്.ലോകത്തെ ഏറ്റവും ആകർഷകമായ സമൂഹമേളമാണ് ഇലഞ്ഞിച്ചുവട്ടിൽ അരങ്ങേറുന്നത്. മുന്നൂറോളം വാദ്യകലാകാരന്മാർ ഇതിൽ പങ്കെടുക്കുന്നു. മേളപ്രമാണിയുടെ ഇടത്തും വലത്തും മുന്നിലുമായി അവർ വിന്യസിക്കപ്പെടുന്നു.

രണ്ടര മണിക്കൂറുനേരം നീണ്ടുനിൽക്കുന്ന പാണ്ടിമേളമാണ് തൃശൂർ പൂരത്തിന് അവതരിപ്പിക്കപ്പെടുന്നത്. കൊട്ടിക്കൊണ്ടിരിക്കുന്ന മേളത്തിനിടയിൽ ദൃഷ്‌ടി കൊണ്ടാണ് കാലങ്ങൾ മാറുന്നതുൾപ്പെടെയുള്ള നിർണായകമായ വിവരങ്ങൾ മേളപ്രമാണി സഹകാരികളെ അറിയിക്കുന്നത്. ക്ഷേത്ര മതിൽക്കെട്ടിനകത്തുള്ള ഇലഞ്ഞി മരത്തിനടിയിൽ നടക്കുന്നതിനാലാണ് ഇലഞ്ഞിത്തറമേളമെന്ന പേർ ലഭിച്ചത്.

നിരവധി മേളങ്ങൾക്ക് സാക്ഷ്യം വഹിച്ച വൻ ഇലഞ്ഞിമരം 2001ൽ കടപുഴകി വീണതിനു ശേഷം യഥാസ്ഥാനം നട്ടുവളർത്തിയതാണ് ഇപ്പോഴുള്ള വൃക്ഷം. ചെണ്ട, ഇലത്താളം, കൊമ്പ്, കുഴൽ മുതലായവയാണ് പ്രധാന സംഗീത ഉപകരണങ്ങൾ. ഏറ്റവും കുറഞ്ഞത് 100 ചെണ്ടകളും 75 ഇലത്താളങ്ങളും 25 കൊമ്പുകളും 25 കുറുങ്കുഴലുകളുമുണ്ടാകണം ഇലഞ്ഞിത്തറ മേളത്തിന്. സമൂഹമേളങ്ങളിൽ പരമോന്നതമായതെന്നാണ് സംഗീതജ്ഞർ ഇലഞ്ഞിത്തറ മേളത്തെ വിലയിരുത്തുന്നത്.