തിരികെയെത്തുമെന്നന്നു ഞാൻ
നിന്നോടരുമയായി പറഞ്ഞിരുന്നെങ്കിലും,
മധുര മാമ്പഴക്കാലത്തിനപ്പുറമൊരു
ചിരിക്കാലമോർത്തതേയില്ല ഞാൻ.
കണ്ണുകെട്ടി ഞാനന്നുതൊട്ടിന്നേരം
എണ്ണിയെണ്ണി തിരഞ്ഞു നോക്കുമ്പോഴും
മുന്നിൽ വന്നു ചിരിച്ചു നിൽക്കുന്നുണ്ട്
എണ്ണിയാലുമൊടുങ്ങാത്ത നോവുകൾ
ആവതില്ലിനിക്കിന്നുനിന്നോർമ തൻ
തൂവെളിച്ചംനിറഞ്ഞൊരുവീഥിയിൽ
തെല്ലു നേരമിരിക്കുവാനോമലേ
പൊള്ളുമുള്ളിൽ വ്യഥിതമാം വേദന.
മാറി മാറി നിഴലുകൾ വീഴുത്തുമീ
മാമരങ്ങൾതൻ എത്താത്ത ചില്ലയിൽ
ഊയലാടിത്തളർന്നു പോയ് മാനസം
ആവതില്ലിനി മുന്നോട്ടു പോകുവാൻ.
പാതി ചാരിയ വാതിലിനപ്പുറം
നോക്കി നിൽക്കുമാ താരകക്കണ്ണുകൾ
യാത്രയോതുന്ന മാത്രയിൽ പിന്നെയും
കാർമഴക്കോളിൽ മിന്നലായ് മാറിയോ
തൊട്ടുനിൽക്കുമ്പോളോർത്തില്ല ഞാൻ
നിന്റെ രാഗലോലമാം സാന്ത്വനസാനിധ്യം
പോയകന്നോരാ മാത്രയിൽ നീയെന്റെ
ശ്വാസവേഗമായെന്നറിഞ്ഞതു പോലുമേ.
ഒന്നു കാണുവാനുള്ളിലെ മോഹമാൻ
തുള്ളി നോക്കുന്നുണ്ടാരണ്യകങ്ങളിൽ
തെല്ലുമേ വൈകിടാതെ നീ വന്നതിൻ
പുള്ളിയിൽ തൊട്ടൊന്നോമനിച്ചീടുമോ.
നിന്റെ പാദപതനത്തിനായിന്നീ
മൂകവീചിയിൽ കാത്തിരിക്കുന്നുണ്ട്
ഞാനുറങ്ങുന്ന നേരമായോമലേ
മൂളുമോ നീയൊരു പ്രേമത്തിൻ പല്ലവി.