covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടരലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി പത്തൊൻപത് ലക്ഷം കടന്നു. മരണസംഖ്യ 31.93 ലക്ഷമായി ഉയർന്നു.രോഗമുക്തി നേടിയവരുടെ എണ്ണം പതിമൂന്ന് കോടിയോട് അടുത്തു.

ഇന്ത്യയിൽ പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. വ്യാഴാഴ്ച 3.86 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3498 പേർ മരിച്ചു. നിലവിൽ 31 ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്. 81.99 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അമേരിക്ക വിലക്ക് ഏർപ്പെടുത്തി.ചൊവ്വാഴ്ച മുതൽ താത്ക്കാലിക വിസയുള്ളവർക്ക് വിലക്ക് ബാധകമാവും.


രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെയിൽ അരലക്ഷത്തിലധികം പേർക്കാണ് യുഎസിൽ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം കടന്നു. മരണസംഖ്യ 5.90 ലക്ഷമായി ഉയർന്നു.