pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർഭരണമുണ്ടായാൽ സത്യപ്രതിജ്ഞ നീട്ടിക്കൊണ്ട് പോകില്ലെന്ന് സി.പി.എം വൃത്തങ്ങൾ സൂചന നൽകുന്നു. തിങ്കളാഴ്‌ച തന്നെ പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായിരിക്കെ ഭരണപ്രതിസന്ധി ഉണ്ടാകാൻ പാടില്ലെന്നാണ് പാർട്ടി നിലപാട്. തുടർഭരണമുണ്ടായാൽ സത്യപ്രതിജ്ഞ ചടങ്ങിനുളള ഒരുക്കങ്ങൾ ആരംഭിക്കണമെന്ന നിർദ്ദേശം മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് നൽകി.

നാളെ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽ.ഡി.എഫ് അനുകൂല വിധിയെഴുത്ത് ഉണ്ടായാൽ പൊതുഭരണ വകുപ്പ് രാജ്‌ഭവനുമായി ആലോചിച്ച് മറ്റ് ക്രമീകരണങ്ങൾ ഒരുക്കും. കൊവിഡ് പ്രോട്ടോക്കൾ അടക്കം പാലിക്കേണ്ടത് ഉളളതിനാൽ രാജ്‌ഭവനിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക. ചുരുക്കം ചിലർ മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുക. കഴിഞ്ഞ വർഷം ആഘോഷത്തോടെ സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചായിരുന്നു പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്.

മുഖ്യമന്ത്രിക്കൊപ്പം ഘടകക്ഷികളിലെ പ്രിതിനിധികളായ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് വിവരമുണ്ട്. അതേസമയം, മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി കെ.കെ ശൈലജയും മാത്രം സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന അടക്കം പറച്ചിലുമുണ്ട്. 2016ൽ തിരഞ്ഞെടുപ്പ് ഫലം വന്ന് ആറാം ദിവസമാണ് പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. പാർട്ടിയുമായി കൂടിയാലോചിച്ച ശേഷമാണ് പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.

എക്‌സിറ്റ് പോൾ ഫലങ്ങളും എൽ.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നുണ്ട്. പ്രോട്ടോക്കോൾ അനുസരിച്ച് ഈ മന്ത്രിസഭയുടെ രാജി മുഖ്യമന്ത്രി ഗവർണർക്ക് നൽകേണ്ടതുണ്ട്. അതിനു ശേഷം പാർട്ടിയുടേയും മുന്നണിയുടെയും പാർലമെന്ററി പാർട്ടി യോഗം ചേർന്നാകും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഗവർണർക്ക് മുന്നിൽ ഹാജരാക്കേണ്ടതുമുണ്ട്.

നിലവിലെ സാഹചര്യത്തിൽ ജയിച്ച അംഗങ്ങൾ തിരുവനന്തപുരത്ത് എത്തുന്നത് കാത്തുനിൽക്കാതെ ഓൺലൈനായി യോഗം ചേർന്ന് പിണറായിയെ നേതാവായി തിരഞ്ഞെടുക്കാനുളള സാദ്ധ്യതയുണ്ടെന്നാണ് എൽ.ഡി.എഫ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തന്റെ മണ്ഡലമായ ധർമ്മടത്താണ് മുഖ്യമന്ത്രി ഇപ്പോഴുളളത്. നാളെ തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്റെ സർട്ടിഫിക്കറ്റും വാങ്ങിയാകും രാജിക്കത്ത് നൽകാൻ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കുക. നാളെ രാത്രി തന്നെ അദ്ദേഹം തലസ്ഥാനത്തേക്ക് പുറപ്പെടുമെന്നാണ് വിവരം.

യു.ഡി.എഫ് അധികാരത്തിൽ വന്നാലും സത്യപ്രതിജ്ഞ നീട്ടിക്കൊണ്ടു പോകാൻ സാധിക്കില്ല. കൊവിഡ് സാഹചര്യം രൂക്ഷമായിരിക്കെ ഗ്രൂപ്പ് വഴക്കും ഘടകക്ഷികളുമായുളള തർക്കവും കാരണം മുന്നണിയുടെ പതിവ് ശൈലി ആവർത്തിച്ചാൽ സർക്കാരിന്റെ തുടക്കത്തിൽ തന്നെ അത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കും. പാർലമെന്ററി പാർട്ടി ചേർന്ന് മുഖ്യമന്ത്രിയെ അടക്കം തീരുമാനിക്കുന്നത് കോൺഗ്രസിനെ സംബന്ധിച്ച് കീറാമുട്ടിയാണ്.