sputnik-

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിനുകളുടെ കനത്ത ക്ഷാമം നേരിടുന്നതിനിടയിൽ റഷ്യയുടെ സ്പുട്‌നിക് വാക്‌സിൻ ഡോസുകളുടെ ആദ്യ ബാച്ച് ഇന്നെത്തും. പതിനെട്ട് വയസിനും നാൽപത്തിനാല് വയസിനുമിടയിൽ പ്രായമായവർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്ന ദിവസത്തിൽ തന്നെയാണ് ആദ്യ ബാച്ച് എത്തുന്നത്.

മെയ് സ്പുട്‌നിക്കിന്റെ 1,50,000 മുതൽ 2, 00,000 വരെ ഡോസുകളും, ഈ മാസം അവസാനത്തോടെ മൂന്ന് ദശലക്ഷം ഡോസും വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.ജൂൺ മാസത്തോടെ അഞ്ച് ദശലക്ഷം ഡോസ് സ്പുട്‌നിക് വാക്‌സിൻ ഇന്ത്യയിൽ എത്തിയേക്കും.

ഏപ്രിൽ 13നാണ് സ്‌പുട്നിക്കിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയത്. ഡോ.റെഡ്ഡീസ് ആണ് ഇന്ത്യയിൽ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്.

മുപ്പത് രാജ്യങ്ങൾ ഇതിനോടകം തന്നെ ഈ വാക്സിന് അനുമതി നൽകിയിട്ടുണ്ട്.റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സഹായത്തോടെ ഗാമലേയ നാഷണൽ റിസർച്ച് സെന്റർ ഒഫ് എപിഡോമോളജി ആൻഡ് മൈക്രോബയോളജിയാണ് ഈ വാക്സിൻ വികസിപ്പിച്ചത്. ഡോ. റെഡ്ഡീസ് സ്പുട്‌നിക് വാക്‌സിൻ ഡോസിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല