covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഒട്ടുമിക്ക സ്വകാര്യലാബുകളിലും ആർ ടി പി സി ആർ പരിശോധനകൾ നടത്തുന്നത് പഴയ നിരക്കിൽ തന്നെ. പല ലാബുകളും പഴയ 1700 രൂപ നിരക്കിൽ തന്നെയാണ് പരിശോധന നടത്തുന്നത്. സ്വകാര്യ ലാബുകളിലെ കൊവിഡ് ആർ ടി പി സി ആർ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വ്യാഴാഴ്‌ച വൈകിട്ട് അറിയിച്ചിരുന്നു. ഇന്നലെ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവും പുറത്തിറങ്ങിയിരുന്നു.

ഐ എസ് എം ആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. എന്നാൽ, ഇതു സംബന്ധിച്ച ഉത്തരവ് ലഭിച്ചില്ലെന്ന കാരണത്താൽ ഇന്നലെ രാവിലെയും 1700 രൂപ നിരക്കിൽ തന്നെ ലാബുകൾ പരിശോധന നടത്തി. തുടർന്ന് ഉത്തരവിറങ്ങിയെങ്കിലും 500 രൂപ പരിശോധനാ നിരക്ക് എന്നത് അം​ഗീകരിക്കാനാവില്ലെന്ന നിലപാടാണ് ലാബ് ഉടമകൾ സ്വീകരിച്ചത്.

500 രൂപ പര്യാപ്‌തമല്ലെന്നാണ് ലാബ് ഉടമകൾ പറയുന്നത്. ഇതിനു പിന്നാലെയാണ് പല ലാബുകളും ഇന്നും പഴയ നിരക്കിൽ തന്നെ ആർ ടി പി സി ആർ പരിശോധന നടത്തുന്നതെന്ന വിവരം പുറത്തുവരുന്നത്. സംസ്ഥാനത്ത് സർക്കാർ ആശുപത്രികൾ സൗജന്യമായാണ് എല്ലാ കൊവിഡ് പരിശോധനകളും നടത്തുന്നത്.