pm-modi

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് ദുരന്ത നിവാരണ ഫണ്ടിന്റെ(എസ്ഡിആർഎഫ്) ആദ്യ ഗഡുവായ 8,873 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. എസ്ഡിആർഎഫ് ഫണ്ടുകളുടെ 50% വരെ കൊവിഡ് നിയന്ത്രണങ്ങളേർപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാരിന് ഉപയോഗിക്കാൻ കഴിയും.

അതായത് 8,873 കോടി രൂപയുടെ പകുതിയായ 4,436 കോടി രൂപ കൊവിഡ് നിയന്ത്രണ നടപടികൾക്ക് ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഫണ്ടുകളുടെ ആദ്യ ഗഡു കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്.

സാധാരണയായി എസ്ഡിആർഎഫിന്റെ ആദ്യ ഗഡു ജൂൺ മാസത്തിലാണ് നൽകാറ്. എന്നാൽ രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ് ധനമന്ത്രാലയം 2021-22 വർഷത്തേക്കുള്ള തുക മുൻകൂട്ടി എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയത്.